നോ ഡീല്‍ ബ്രെക്‌സിറ്റ് രാജ്യത്തിന് ആശ്വാസകരമല്ലാത്ത അനന്തരഫലങ്ങളായിരിക്കും നല്‍കുകയെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. നോ ഡീല്‍ സാഹചര്യം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യത്തെ തള്ളി വിടുമെന്ന സൂചനയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി നല്‍കിയത്. ഈ പ്രസ്താവനയ്ക്ക് ശേഷം ഡോളറിനെതിരെ 11 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പൗണ്ട് ഇടിഞ്ഞത്. ബിബിസി റേഡിയോ 4ന്റെ പരിപാടിയിലാണ് കാര്‍ണി ഈ പ്രസ്താവന നടത്തിയത്. നോ ഡീല്‍ സാഹചര്യം ഒഴിവാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും എല്ലാ ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിക്കുകയെന്ന് നിരീക്ഷിക്കുകയാണെന്നും ഒരു നോ ഡീല്‍ സാഹര്യമുണ്ടായാല്‍ അതിന്റെ ആഘാതം കുറയ്ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് സെന്‍ട്രല്‍ ബാങ്കെന്നും കാര്‍ണി പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ കൊമേഴ്‌സ്യല്‍, റെസിഡെന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വില മൂന്നിലൊന്നായി കുറയുമെന്നും പലിശ നിരക്ക് വര്‍ദ്ധിക്കുമെന്നും കാര്‍ണി മുന്നറിയിപ്പ് നല്‍കുന്നു. സമ്പദ് വ്യവസ്ഥയില്‍ ശതമാനം ചുരുക്കം അനുഭവപ്പെടും അതിനൊപ്പം തൊഴിലില്ലായ്മ 9 ശതമാനം ഉയരുമെന്നും കാര്‍ണി പറഞ്ഞു. എന്നാല്‍ ഏതു കടുത്ത സാഹചര്യങ്ങളെയും നേരിടാന്‍ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് വര്‍ഷത്തെ സമയത്തില്‍ ഇത് മറികടക്കാന്‍ കഴിയും. മോര്‍ട്‌ഗേജുകള്‍ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്ന വിധത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പകുതിയിലേറെ മോര്‍ട്‌ഗേജുകളും ഫിക്‌സഡ് റേറ്റ് രീതിയിലുള്ളവയാണ്. ഇവ എടുക്കുമ്പോള്‍ തന്നെ ഒരു അഫോര്‍ഡബിലിറ്റി ടെസ്റ്റ് നിങ്ങള്‍ പാസാകേണ്ടതുണ്ട്. അതിനാല്‍ അവ 7 ശതമാനത്തില്‍ തിരിച്ചടക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പറയുന്നത്. നിരക്കുകള്‍ ഉയരുന്ന സാഹചര്യത്തിലും മോര്‍ട്‌ഗേജുകള്‍ തിരിച്ചടക്കപ്പെടാനുള്ള സൗകര്യത്തിനാണ് ഇത് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.