ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബിർമിംഗ്ഹാമിൽ ഇന്ത്യൻ വിദ്യാർത്ഥിനിയായ അനിഷ ചക്രവർത്തി (28) റോഡപകടത്തിൽ മരിച്ചത് ഇന്ത്യൻ സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. റെസ്റ്റോറന്റിലെ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മെയ് 30 പുലർച്ചെ ഡാർട്ട്മൗത്ത് മിഡിൽവേയിൽ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ അനിഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ് സ്റ്റഡി വർക്ക് പെർമിറ്റിൽ യുകെയിൽ തുടരുകയായിരുന്ന അനിഷ മാർക്കറ്റിങ് മേഖലയിൽ ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. സാധാരണ കുടുംബത്തിൽ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത് യുകെയിലെത്തി സ്വപ്നങ്ങൾ പിന്തുടർന്ന യുവതിയുടെ അപ്രതീക്ഷിത വേർപാട് സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും നടുക്കിയതായി റെസ്റ്റോറന്റ് മാനേജർ ഷെഫാലി കരുൾക്കർ പറഞ്ഞു. എപ്പോഴും ചിരിച്ച മുഖവും വലിയ സ്വപ്നങ്ങളുമായിരുന്ന അനിഷയുടെ നഷ്ടം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അപകടവുമായി ബന്ധപ്പെട്ട് അപകടകരമായ ഡ്രൈവിംഗും മയക്കുമരുന്ന് ഉപയോഗവും വഴി മരണത്തിന് കാരണമായെന്ന സംശയത്തിൽ 22 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. അതേസമയം അനിഷയുടെ മൃതദേഹം നാട്ടിലെത്തിക്കാനും സംസ്കാരച്ചെലവുകൾക്കുമായി ക്രൗഡ് ഫണ്ടിങ് ക്യാംപെയിനും ആരംഭിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങളോ ഡാഷ്ക്യാം ദൃശ്യങ്ങളോ ഉള്ളവർ മുന്നോട്ടുവരണമെന്നും പോലീസ് അഭ്യർഥിച്ചു.











Leave a Reply