ചങ്ങനാശേരി: ചരിത്രപ്രാധാന്യമുള്ള പ്രഖ്യാപനത്തിലൂടെ ചങ്ങനാശേരി പാറേൽ സെന്റ് മേരീസ് പള്ളിയെ വത്തിക്കാൻ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. പുതിയ ദേവാലയത്തിന്റെ കൂദാശയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഈ പ്രഖ്യാപനം വന്നത്. മധ്യകേരളത്തിലെ പ്രമുഖ മരിയൻ തീർഥാടനകേന്ദ്രമായ പാറേൽ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ഏറെ പ്രസിദ്ധമാണ്.
ആരാധനാക്രമപരവും ആത്മീയവുമായ പ്രാധാന്യം, ചരിത്രപരവും കലാപരവുമായ മൂല്യം, സൗകര്യങ്ങൾ, ആരാധനയ്ക്കാവശ്യമായ ക്രമീകരണങ്ങൾ എന്നിവ പരിഗണിച്ചാണ് കത്തോലിക്കാ സഭ ഒരു ദേവാലയത്തിന് ബസിലിക്ക പദവി നൽകുന്നത്. ബസിലിക്ക പദവി ലഭിക്കുന്നതോടെ മാർപാപ്പയുമായും കത്തോലിക്കാ സഭയുമായുമുള്ള ദേവാലയത്തിന്റെ ആത്മീയബന്ധത്തിന് പ്രത്യേക പ്രാധാന്യം കൈവരും. ജാതി, മത, വർഗ വ്യത്യാസങ്ങൾക്കതീതമായി വിശ്വാസികൾ മാതാവിനോടുള്ള ഭക്തിയോടെ എത്തുന്ന പാറേൽ പള്ളിക്ക് ഈ അംഗീകാരം ഇരട്ടി മധുരമായി.
തീർഥാടകരുടെ എണ്ണം വർധിച്ചതിനെത്തുടർന്നാണ് പഴയ ദേവാലയത്തിന് പകരം 51,000 ചതുരശ്ര അടിയിലധികം വിസ്തീർണമുള്ള പുതിയ പള്ളി നിർമിച്ചത്. കേരളത്തിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന പുതിയ പള്ളിയുടെ കൂദാശ നവംബർ 21ന് നടക്കും. എല്ലാവർക്കും പ്രാർഥിക്കാനും ആത്മീയ ആശ്വാസം തേടാനുമുള്ള കേന്ദ്രമെന്ന സ്ഥാപകരുടെ സങ്കൽപ്പവും പ്രസിദ്ധമായ തിരുനാളിന്റെ ജനകീയതയും പാറേൽ പള്ളിയെ വിശ്വാസികളുടെ ഹൃദയത്തിൽ സവിശേഷ സ്ഥാനത്തെത്തിച്ചിട്ടുണ്ട്. ബസിലിക്ക പദവി ലഭിച്ചതോടെ ഈ തീർഥാടനകേന്ദ്രത്തിന്റെ പ്രാധാന്യം കൂടുതൽ ഉയരുമെന്നാണ് പ്രതീക്ഷ.











Leave a Reply