ജോബി തോമസ്

ലണ്ടൻ: കലാ സ്‌നേഹികൾക്ക് മറക്കാനാകാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ച് കലാ വിസ്മയങ്ങളുടെ അപൂർവ സംഗമമായി മാറിയ ബേസിംഗ്സ്റ്റോക്ക് വെളിച്ചം തീയറ്റേഴ്സിന്റെ കൾച്ചറൽ ഫെസ്റ്റ് കാണികളുടെ ഹൃദയം കീഴടക്കി. ഇക്കഴിഞ്ഞ ഞായറാഴ്ച ബേസിംഗ്സ്റ്റോക്ക് ക്യൂ എം സി ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ സംഘടിപ്പിച്ച ബേസിംഗ്സ്റ്റോക്ക് കൾച്ചറൽ ഫെസ്റ്റ്, ബേസിംഗ്സ്റ്റോക്കിലും സമീപപ്രദേശങ്ങളിൽ നിന്നും എത്തിയ നൂറുകണക്കിന് കലാസ്നേഹികൾക്ക് ദൃശ്യ-ശ്രാവ്യ വിസ്മയങ്ങളുടെ അപൂർവ അനുഭവമാണൊരുക്കിയത് .

കേരളീയ കലാരൂപമായ ചെണ്ടമേളം, വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങൾ, മനുഷ്യ മനസ്സിനെ വിസ്മയലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ മാജിക്കൽ മെന്റലിസം ഷോ, പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ കലാപ്രകടനങ്ങൾ, ബേസിംഗ്സ്റ്റോക്കിൽ ഇതുവരെ അരങ്ങേറാത്ത ഇതിഹാസ സാമൂഹ്യ-സംഗീത ചരിത്രനാടകം എന്നിവ ഒരേ വേദിയിൽ സമന്വയിച്ചപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആവേശഭരിതരായി.

കലാപരിപാടികൾക്ക് മുന്നോടിയായി നടന്ന ഔപചാരിക സമ്മേളനത്തിൽ ബേസിംഗ്‌സ്റ്റോക്ക് ഡെപ്യൂട്ടി മേയര്‍ കൗണ്‍സിലര്‍ സജീഷ് ടോം കൾച്ചറൽ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വെളിച്ചം തിയറ്റേഴ്‌സ് പ്രസിഡന്റ് ഡോ അജി പീറ്റർ അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ലോക കേരള സഭാംഗവുമായ ശ്രി എസ് ശ്രീകുമാർ എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു. വെളിച്ചം തിയറ്റേഴ്‌സിന്റെ ക്രിയേറ്റീവ് കോര്‍ഡിനേറ്ററും ലോക കേരളസഭാംഗവുമായ ശ്രി സി എ ജോസഫ് സ്വാഗതവും ട്രഷറർ ശ്രി വിൻസെന്റ് പോൾ നന്ദിയും രേഖപ്പെടുത്തി.

വെളിച്ചം തിയറ്റേഴ്സിന്റെ മാർഗ്ഗദർശിയായിരുന്ന അന്തരിച്ച ഫിലിപ്പ്കുട്ടിക്ക് ആദരാഞ്ജലിയർപ്പിച്ച് ശ്രി ബിനോ ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തി.

ഫിലിപ്പ്കുട്ടിയുടെ സ്മരണയ്ക്കായി വെളിച്ചം തിയറ്റേഴ്സ് സമർപ്പിച്ച മെമന്റോ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യനിൽ നിന്ന് ഫിലിപ്പ്കുട്ടിയുടെ ഭാര്യ ശ്രീമതി സജിനി ഫിലിപ്പ്കുട്ടി ഏറ്റുവാങ്ങി. തുടർന്ന് ശ്രീമതി സജിനി ഫിലിപ്പ്കുട്ടി അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു.

ഡോ അജി പീറ്റർ രചനയും സംവിധാനവും നിർവഹിച്ച് പ്രശസ്ത ഗായകൻ കെസ്റ്റർ ആലപിച്ച ‘സൈന്യാധിപൻ’ എന്ന സംഗീത ആൽബത്തിന്റെ ഔപചാരികമായ പ്രകാശനവും വേദിയിൽ ശ്രി എസ് ശ്രീകുമാർ നിവ്വഹിച്ചു.

ചടങ്ങിൽ വിശിഷ്ട അതിഥികളായി എത്തിയ ബേസിംഗ്സ്റ്റോക്ക് ഡെപ്യൂട്ടി മേയർ കൗൺസിലർ സജീഷ് ടോം, യുക്മ ദേശീയ പ്രസിഡണ്ട് അഡ്വ എബി സെബാസ്റ്റ്യൻ, ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാനും ലോക കേരള സഭാംഗവുമായ ശ്രി എസ് ശ്രീകുമാർ എന്നിവരെ യഥാക്രമം ഡോ അജി പീറ്റർ, ശ്രി സി എ ജോസഫ് , ശ്രി വിൻസന്റ് പോൾ എന്നിവർ പൊന്നാട അണിയിച്ച് വെളിച്ചം തിയറ്റേഴ്സിന്റെ ആദരവ് നൽകി.

കേരള നഴ്‌സസ് യു.കെ. സംഘടിപ്പിച്ച മൂന്നാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ റീൽസിന്റെ സംവിധായകൻ ശ്രി ജോജി തോട്ടത്തിൽ ശ്രി എസ്. ശ്രീകുമാറിൽ നിന്ന് മെമന്റോ ഏറ്റുവാങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിപാടിയുടെ പ്രൈം സ്പോൺസർമാരായ ഇൻഫിനിറ്റി മോർട്ട്ഗേജ്, അക്വാ ഡിജിറ്റൽ സർവീസസ് എന്നിവരെയും മറ്റ് സ്പോൺസർമാരായ ഐഡിയൽ സോളിസിറ്റേഴ്സ്, ബിൽഡ് ബെറ്റർ, സീക്കോ അക്കൗണ്ടൻസി, റിവാ ട്രാവൽസ്, പാൻ ഏഷ്യൻ ഫുഡ്, ജെ.എൻ.ജെ. കാർസ് എന്നിവർക്ക് മെമന്റോകൾ നൽകി ആദരിച്ചു. കൂടാതെ പരിപാടികളിൽ പങ്കെടുത്ത കലാപ്രതിഭകൾ, നാടകത്തിലെ അഭിനേതാക്കൾ, കൾച്ചറൽ ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ച കോർഡിനേറ്റേഴ്‌സ് എന്നിവർക്കും വെളിച്ചം തിയറ്റേഴ്സിന്റെ സ്നേഹോപഹാരമായ മെമന്റോകൾ നൽകി.

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാഫിൾ ടിക്കറ്റിന്റെ ഉദ്ഘാടനം ശ്രി സെബിൻ കല്ലറക്കലിൽ നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി ബേസിംഗ്സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ശ്രി പൗലോസ് പാലാട്ടി നിർവഹിച്ചു.

തുടർന്ന് വേദിയെ കീഴടക്കുന്ന നിരവധി കലാ പരിപാടികളാണ് അരങ്ങേറിയത്. ഫിലിപ്പ്കുട്ടി അച്ചായന്റെ പരിശീലനത്തില്‍ രൂപംകൊണ്ട ബേസിംഗ്സ്റ്റോക്ക്, പോര്‍ട്സ്മൗത്ത്, സ്വിണ്ടന്‍ എന്നിവിടങ്ങളിലെ ശിഷ്യര്‍ അവതരിപ്പിച്ച മെഗാ ചെണ്ടമേളം, ഡി3, ഡി4 ഉള്‍പ്പെടെ നിരവധി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ യദു കൃഷയുടെ നേതൃത്വത്തിലുള്ള ഗോഡ്സ് ഓണ്‍ ഡാന്‍സേഴ്സ് ട്രൂപ്പിന്റെ മനോഹരമായ നൃത്താവിഷ്‌കാരങ്ങള്‍, മെന്റലിസ്റ്റ് ജോയലിന്റെ വിസ്മയകരമായ മാജിക്കല്‍ മെന്റലിസം ഷോ, കൊച്ചിന്‍ കലാഭവനിലൂടെ ശ്രദ്ധേയനായ മലയാളികളുടെ സ്വന്തം കലാഭവന്‍ ദിലീപിന്റെ മിമിക്സ് പരേഡ്, എന്നിവ വേദിയില്‍ ആവേശം നിറച്ചു.

കലാ-സാംസ്കാരിക സായാഹ്നത്തിന്റെ പ്രധാന ആകർഷണമായി വെളിച്ചം തിയറ്റേഴ്‌സിന്റെ മൂന്നാമത് നാടകം ‘ജീന്‍വാല്‍ജീന്‍’ അരങ്ങേറി. വിശ്വപ്രശസ്ത സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോയുടെ ‘ലെസ് മിസറബിള്‍സ് ‘എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഡോ. അജി പീറ്റര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഈ നാടകത്തില്‍ നിരവധി നാടകങ്ങളിലും സംഗീത ആല്‍ബങ്ങളിലും അഭിനയിച്ചും സംവിധാനം ചെയ്തും കഴിവ് തെളിയിച്ച ഡോ.അജി പീറ്റര്‍, യുകെയില്‍ റിലീസ് ചെയ്ത ഷോര്‍ട്ട് ഫിലിമുകളിലും, നാടകങ്ങളിലും മികവാര്‍ന്ന അഭിനയം കാഴ്ച്ചവെച്ചിട്ടുള്ള സി. എ ജോസഫ്, അഭിനേതാക്കള്‍ എന്ന നിലയില്‍ നിരവധി നാടകങ്ങളില്‍ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുള്ള ജോണി ജോസഫ്, സാജു സ്റ്റീഫന്‍, ജോബി തോമസ്, സജി കുന്നത്ത്, ദീപ്തി തരംഗ്, ടൈറ്റസ് പുതുശ്ശേരി, ബിനോ ഫിലിപ്പ്, ബിനീഷ് അഗസ്റ്റിന്‍, ജെസ്വിന്‍ ജോയ്, ജിതിന്‍ ജോസ്, നിദിയാ ആല്‍ബര്‍ട്ട്, ബിന്ദു ബിജു, രാജു തോമസ്, മാസ്റ്റര്‍ ആന്റന്‍ ബിനോ, ബേബി ഹരിയറ്റ് സജി, എന്നിവരാണ് വേഷമിട്ടത്.

നാടകത്തിന്റെ അസോസിയേറ്റ് ഡയറക്ടർ- വിൻസെന്റ് പോൾ, ക്രിയേറ്റീവ് കോർഡിനേറ്റർ- സി. എ. ജോസഫ്, ചമയം & മീഡിയ പ്രമോഷൻ- ജോജി തോട്ടത്തിൽ, രംഗസജ്ജീകരണം- സജി കുന്നത്ത്, റെക്കോർഡിംഗ്-ജെസ്‌വിൻ ജോയ്, പശ്ചാത്തല സംഗീതം- ആൽബി മഠത്തിൽ എന്നിവരായിരുന്നു.

യുകെയിലെ ചെണ്ടമേളത്തിന്റെ ആശാനായി അറിയപ്പെട്ടിരുന്ന വെളിച്ചം തിയറ്റേഴ്സിന്റെ മാർഗദർശിയും അഭിനേതാവുമായ അന്തരിച്ച ഫിലിപ്പ്കുട്ടിക്ക് ആദരാഞ്ജലി അർപ്പിച്ചാണ് മുഴുവൻ പരിപാടികളും അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ കലാജീവിതവും സംഭാവനകളും അനുസ്മരിക്കുന്ന പ്രത്യേക വീഡിയോ പ്രദർശനവും വേദിയിൽ ഒരുക്കിയിരുന്നു.

പരിപാടിയുടെ തുടക്കം മുതൽ അവസാനം വരെ അവതാരകരായ അശ്വതി ഹരീഷും ജോംസി അരുണും തങ്ങളുടെ കുറ്റമറ്റ അവതരണശൈലിയിലൂടെ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടി.

വിശിഷ്ടാതിഥികൾ, കലാപ്രതിഭകൾ, സ്പോൺസർമാർ, ലൈറ്റ് ആൻഡ് സൗണ്ട്, വീഡിയോ, ഫോട്ടോഗ്രാഫി ടീമുകൾ തുടങ്ങി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അതോടൊപ്പം പരിപാടികളിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും വെളിച്ചം തിയറ്റേഴ്സ് സെക്രട്ടറി ശ്രി ജോബി തോമസ് നന്ദി രേഖപ്പെടുത്തി. സംഘാടകരുടെ മികച്ച ആസൂത്രണവും കലാപ്രതിഭകളുടെ മികവാർന്ന പ്രകടനങ്ങളും കൊണ്ട് കാണികളുടെ ഹൃദയം കീഴടക്കിയ ബേസിംഗ്സ്റ്റോക്ക് വെളിച്ചം തിയറ്റേഴ്സിന്റെ കൾച്ചറൽ ഫെസ്റ്റിന് ഇതോടെ തിരശീല വീണു.