മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ രാഷ്ട്രീയത്തിലിറങ്ങുമോ എന്നതും ആരാധകരെ എന്നും കുഴയ്ക്കുന്ന ഒരു ചോദ്യമാണ്. താനൊരു ഇടതുപക്ഷ അനുഭാവി ആണെന്ന് മമ്മൂട്ടി എത്രയോ മുമ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കൈരളി ചാനലിന്റെ ഉടമസ്ഥാവകാശമുള്ള മലയാളം കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ കൂടിയാണ് മമ്മൂട്ടി. മലയാള സിനിമയിലേക്ക് നോക്കിയാല്‍, നിലവില്‍ ഇന്നസെന്റ്, കെ.ബി ഗണേഷ് കുമാര്‍, മുകേഷ്, സുരേഷ് ഗോപി തുടങ്ങിയവര്‍ സജീവ രാഷ്ട്രീയത്തിലുള്ളവരാണ്. ജഗദീഷ്, ഭീമന്‍ രഘു, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവര്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

എന്നാല്‍ മോഹല്‍ലാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? കുറച്ചധികം നാളുകളായി ഈയൊരു ചോദ്യം പലയിടത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്നു. അദ്ദേഹം തിരുവനന്തപുരത്തു നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് എന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു.

എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്നും രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്നും വ്യക്തമാക്കിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയിരുന്നു. അതിനു പുറകെയാണ് മത്സരിക്കാനായി മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ എത്തിയത്.

വീണ്ടും മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ മോഹൻലാൽ ആരാധകർ ഒരേ സ്വരത്തിൽ ആ സാധ്യത തള്ളിക്കളയുകയാണ്. എല്ലാ തിരഞ്ഞെടുപ്പിലും ഉള്ള ഊഹാപോഹങ്ങൾ മാത്രമാണ് ഇതെന്നാണ് ആരാധകർ പറയുന്നത്.

‘ലാല്‍ സാര്‍ മത്സരിക്കുന്നൊന്നുമില്ല. ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ഓരോ ആളുകള്‍ ഇങ്ങനെ പറയും. അദ്ദേഹം ഞങ്ങളോട് സംസാരിച്ചിട്ടുണ്ട് ഇക്കാര്യത്തെ കുറിച്ച്. അദ്ദേഹം മത്സരിക്കില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. ഓരോ കാലത്തും ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ആളുകളും അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. അവരോടൊക്കെ ഇല്ല എന്നു തന്നെയാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്,’ ഓൾ കേരളാ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി വിമല്‍ പറയുന്നു.

മാധ്യമങ്ങളോട് മാത്രമല്ല, മോഹന്‍ലാല്‍ അസോസിയേഷന്‍ ഭാരവാഹികളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നാണ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അംഗം ഷിബു പറയുന്നത്. നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള തുടക്കമാണെന്നതൊക്കെ മാധ്യമങ്ങള്‍ കെട്ടിച്ചമ്മയ്ക്കുന്നതാണെന്നും ഷിബു വ്യക്തമാക്കി.

‘അദ്ദേഹം മത്സരിക്കില്ല. പ്രധാനമന്ത്രിയെ കാണാന്‍ പോയത് അദ്ദേഹം തുടങ്ങാന്‍ പോകുന്ന ക്യാന്‍സര്‍ കെയര്‍ സെന്ററിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ്. അപ്പോളേക്കും മാധ്യമങ്ങള്‍ അതിനെ വളച്ചൊടിക്കുകയാണ് ഉണ്ടായത്. പുള്ളി മത്സരിക്കുന്നു എന്നൊക്കെ അപ്പോഴേക്കും വാര്‍ത്ത വന്നു. പുള്ളി എന്തായാലും രാഷ്ട്രീയത്തില്‍ വരില്ല,’ ഷിബു വ്യക്തമാക്കി.

ഇത്തരം വാര്‍ത്തകള്‍ ചമയ്ക്കുന്നതിലൂടെ ബിജെപി പുകമറ സൃഷ്ടിക്കുകയാണ് എന്നായിരുന്നു അസോസിയേഷന്‍ സ്‌റ്റേറ്റ് പ്രസിഡന്റ് രാജന്റെ പ്രതികരണം.

‘അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നത്. ഇനി സിനിമാ മേഖലയില്‍ നിന്നും രാജ്യസഭാ അംഗമായി നോമിനേറ്റ് ചെയ്താല്‍ പോലും അദ്ദേഹം മത്സരിക്കില്ല. ഒരുപാട് പേര് അദ്ദേഹത്തെ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷെ അദ്ദേഹത്തിന് രാഷ്ട്രീയം താത്പര്യമില്ല. അദ്ദേഹം ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന് തോന്നിപ്പിക്കാന്‍, ഒരു പുകമറ സൃഷ്ടിയ്ക്കാന്‍ ആയിരിക്കും ഒ. രാജഗോപാല്‍ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക,’ രാജന്‍ പറയുന്നു.