പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരക്ക് അനുമതി തേടിയ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ അപേക്ഷ കേന്ദ്ര സർക്കാർ തള്ളി. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര അനുവദിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഈ വര്‍ഷം അവസാനം നിഷ്പക്ഷ വേദിയായ ദുബായില്‍ വച്ച് പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര കളിക്കാനാണ് ബിസിസിഐ ആലോചിച്ചിരുന്നത്. ഇതിനു അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിസിസിഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. എന്നാല്‍ പാകിസ്ഥാനുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ മത്സരം അനുവദിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

ഇനിയും അത്തരം നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുകയാണെങ്കിൽ പിന്നീട് അവലോകനം ചെയ്യുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുമായുള്ള മത്സരത്തിന് താൽപര്യം പ്രകടിപ്പിച്ച് പാക് ക്രിക്കറ്റ് ബോർഡും രംഗത്തെത്തിയിരുന്നു. 2012ലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര നടന്നത്.

പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാൽ ക്രിക്കറ്റ് പരമ്പരകളും ഇല്ലാതാവുകയായിരുന്നു. ട്വന്റി 20 ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്റുകളില്‍ ഇരുടീമും ഏറ്റുമുട്ടിയിരുന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ പരമ്പര കളിച്ചിരുന്നില്ല.

ഇരു രാജ്യങ്ങളും തമ്മില്‍ മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ടു ട്വന്റി 20 മല്‍സരങ്ങളുമുള്ള പരമ്പരയായിരുന്നു നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. തുടര്‍ന്നാണ് ഇതിനു അനുമതി നേടി ബിസിസിഐ കേന്ദ്രത്തെ സമീപിച്ചത്. പാക് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയെ സമീപിച്ചിരുന്നു. എന്നാല്‍ മത്സരം ഇപ്പോള്‍ നടത്താനാകില്ലെന്നാണ് കേന്ദ്ര നിലപാട്.