ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലെ ബെഡ്ഫോർഡിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ട്രെയിൻ അപകടത്തിന് മുൻപ് ഡ്രൈവർ റെഡ് സിഗ്നൽ മറികടന്നതായി പ്രാഥമിക അന്വേഷണ റിപ്പോർട്ട്. അപകടത്തിൽ 60-കാരനായ ട്രെയിൻ ഡ്രൈവർ ഷോൺ ബർട്ടൺ മരിക്കുകയും നൂറിലധികം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

റെയിൽ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ ഇടക്കാല റിപ്പോർട്ട് പ്രകാരം, കോർബിയിൽ നിന്ന് ലണ്ടനിലേക്ക് പോയ ട്രെയിൻ ആദ്യം യെല്ലോ സിഗ്നൽ കടന്നുപോയ ശേഷം മുന്നിലുണ്ടായിരുന്ന റെഡ് സിഗ്നലിൽ നിർത്തിയില്ല. അപകടത്തിന് ഒമ്പത് സെക്കൻഡ് മുൻപ് മാത്രമാണ് ബ്രേക്ക് പ്രയോഗിച്ചതെന്നും ട്രെയിന്റെ വേഗം മണിക്കൂറിൽ 76 മൈലിൽ നിന്ന് 49 മൈലായി കുറഞ്ഞ ശേഷമാണ് മുന്നിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ ഇടിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

മുന്നിലുണ്ടായിരുന്ന നോട്ടിങ്ഹാമിൽ നിന്നുള്ള ട്രെയിൻ അതിന്റെ ഓട്ടോമാറ്റിക് വാർണിംഗ് സിസ്റ്റത്തിൽ ഉണ്ടായ തകരാറിനെ തുടർന്ന് അപ്രതീക്ഷിതമായി നിർത്തേണ്ടിവന്നതായും അന്വേഷണത്തിൽ കണ്ടെത്തി. റെഡ് സിഗ്നൽ മറികടക്കുമ്പോൾ ട്രെയിൻ സ്വയം നിർത്താൻ സഹായിക്കുന്ന ട്രെയിൻ പ്രൊട്ടക്ഷൻ ആൻഡ് വാർണിംഗ് സിസ്റ്റം (TPWS) അപകടസ്ഥലത്ത് സ്ഥാപിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം തുടരുകയാണ്.











Leave a Reply