ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെൽജിയം : – ഫ്രാൻസിസ് മാർപാപ്പ തന്റെ ബെൽജിയം സന്ദർശനത്തിനിടെ അറുന്നൂറാം വാർഷികം ആഘോഷിക്കുന്ന യുസി ലൂവെയ്ൻ യൂണിവേഴ്സിറ്റിയിൽ നടത്തിയ പരാമർശങ്ങൾ പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം ചെറുത്ത് നിൽക്കുന്നതിന് ആഗോള നടപടികളുടെ ആവശ്യകതയെ കുറിച്ചായിരുന്നു അദ്ദേഹം മുഖ്യമായും തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ സ്ത്രീകളെ സംബന്ധിച്ച കത്തോലിക്കാ സഭയുടെ നിലപാടിനെ കുറിച്ച് അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച കത്തിന് മറുപടി നൽകിയപ്പോൾ അദ്ദേഹം നടത്തിയ ചില പരാമർശങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
പുരുഷൻ മകനും സഹോദരനും ഒരു പിതാവും ആയിരിക്കുന്നത് പോലെ സ്ത്രീയും അമ്മയും മകളും സഹോരിയുമാണെന്ന് അദ്ദേഹം പറഞ്ഞു. മറിയത്തിന്റെ ഒരു സമ്മതത്തോടെ മാത്രമാണ് ദൈവപുത്രൻ ഭൂലോകത്തിൽ ജാതനായതെന്നും, സ്ത്രീകൾക്ക് എപ്പോഴും പുരുഷന്മാരെക്കാൾ സ്ഥാനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്ത്രീ പുരുഷനാവാൻ ശ്രമിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളുടെ ഉത്തരവാദിത്വങ്ങളെ കുറച്ചു കാണുന്ന ഇത്തരം ഒരു പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കി മാർപാപ്പയുടെ പ്രസംഗത്തിന് ശേഷം ഉടൻതന്നെ കോളേജ് വിദ്യാർത്ഥികൾ പ്രസ്താവന ഇറക്കി.
38000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന യുസി ലൂവെയ്ൻ യൂണിവേഴ്സിറ്റി അതിന്റെ 600 വാർഷികം ആഘോഷിക്കാൻ ഇരിക്കുകയാണ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് ലോകമെമ്പാടും പരിശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ, മാർപാപ്പയുടെ ഇത്തരം ഒരു പരാമർശം അംഗീകരിക്കാൻ ആവില്ലെന്ന് യൂണിവേഴ്സിറ്റി റെക്ടറും വ്യക്തമാക്കി. യൂണിവേഴ്സിറ്റി എല്ലാതരത്തിലുള്ള ആളുകളെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന ഇടമാണെന്നും, എന്നാൽ ഇത്തരം പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കാൻ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാ സഭയിൽ ഇതുവരെയും സ്ത്രീകളെ പുരോഹിതരാകുവാൻ അനുവദിച്ചിട്ടില്ല. ഈ തീരുമാനത്തെ സംബന്ധിച്ച ചർച്ചകൾ നടത്തുന്നതിന് കമ്മീഷനെ മാർപാപ്പ നിയമിച്ചെങ്കിലും ഇതുവരെയും തീരുമാനം ഒന്നും ഉണ്ടായിട്ടില്ല.
Leave a Reply