സ്വന്തം ലേഖകൻ
യു കെ :- യുകെയുടെ പല പ്രദേശങ്ങളിലും ബെല്ല ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങൾ വിതയ്ക്കുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വരെയാണ് കാറ്റ് അടിക്കുന്നത് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും കൂടുതൽ കാറ്റിന്റെ വേഗത രേഖപ്പെടുത്തിയത് ഐൽ ഓഫ് വൈറ്റിലെ നീഡിൽസിലാണ്. മണിക്കൂറിൽ 106 കിലോമീറ്റർ വേഗതയാണ് ശനിയാഴ്ച രാത്രി ഇവിടെ രേഖപ്പെടുത്തിയത്. യുകെയുടെ ചില പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലുമാണ്. കേംബ്രിഡ്ജ്ഷെയർ, ബെഡ്ഫോർഡ്ഷെയർ, ഓക്സ്ഫോർഡ്ഷെയർ, വോർസെസ്റ്റർഷെയർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാണ്.യു കെയുടെ 204 ഓളം പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സൗത്തംപ്റ്റോൺ സെൻട്രലിനും, ബോർനെമൗത്തിനും ഇടയിലുള്ള റെയിൽ ഗതാഗതം പൂർണമായി നിലച്ചിരിക്കുകയാണ്. സ്കോട്ട്‌ലൻഡ്, നോർത്തേൺ ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞു പെയ്യാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കോൺവാളിൽ നൂറോളം വീടുകളിലെ വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്. നിരവധി സ്ഥലങ്ങളിൽ കാലാവസ്ഥാനിരീക്ഷണകേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന നിർദേശം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. മഞ്ഞ് പെയ്യുന്നത് അപകടങ്ങൾക്ക് കൂടുതൽ ഇടയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു., അതോടൊപ്പം തന്നെ ശക്തമായ കാറ്റിൽ മരങ്ങളും മറ്റും കടപുഴകി വീടുവാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ പുറത്തിറങ്ങി നടക്കരുതെന്ന നിർദ്ദേശവുമുണ്ട്.
Leave a Reply