അഞ്ചുവര്‍ഷത്തോളം യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച സ്വയംപ്രഖ്യാപിത ആത്മീയഗുരുവിനും ഭാര്യയ്ക്കുമെതിരേ പോലീസ് കേസെടുത്തു. ബെംഗളൂരു ആവലഹള്ളി സ്വദേശി ആനന്ദമൂര്‍ത്തി (52), ഭാര്യ ലത (47) എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തത്. ആനന്ദമൂര്‍ത്തിയും ഭാര്യയും ഒളിവിലാണ്. ആവലഹള്ളിയിലും സമീപപ്രദേശങ്ങളിലുമായി ഒട്ടേറെ ആരാധകരുള്ള സ്വയംപ്രഖ്യാപിത ‘ആത്മീയ ഗുരു’വാണ് ആനന്ദമൂര്‍ത്തി.
അഞ്ചുവര്‍ഷം മുമ്പാണ് യുവതി ആനന്ദമൂര്‍ത്തിയെ പരിചയപ്പെട്ടത്. ഇവരുടെ ‘ഗ്രഹനില’ പരിശോധിച്ച ആനന്ദമൂര്‍ത്തി യുവതിക്ക് വലിയദോഷം വരാന്‍ പോകുകയാണെന്നും പരിഹാരത്തിനായി ചില പൂജകള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇയാള്‍ പറഞ്ഞതനുസരിച്ച് യുവതി പൂജയ്ക്കായി തൊട്ടടുത്തദിവസം ആനന്ദമൂര്‍ത്തിയുടെ വീട്ടിലെത്തി. പൂജയ്ക്കിടെ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധംകെടുത്തിയായിരുന്നു പീഡനം. ഇതിന് സഹായം ചെയ്തുകൊടുത്തത് ലതയാണ്. യുവതിയുടെ ദൃശ്യങ്ങള്‍ ലത മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
പിന്നീട് ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി അഞ്ചുവര്‍ഷത്തോളം പീഡനം തുടര്‍ന്നു. യുവതി തങ്ങളുടെ ഭാഗ്യമാണെന്നും അകന്നുപോകരുതെന്നുമാണ് ഇവര്‍ പറഞ്ഞിരുന്നത്. കഴിഞ്ഞമാസം യുവതിക്ക് വന്ന ഒരു വിവാഹാലോചന മുടക്കാന്‍ ആനന്ദമൂര്‍ത്തി ചില നഗ്‌നദൃശ്യങ്ങള്‍ അയച്ചുനല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് യുവതി വീട്ടുകാരോട് പീഡനവിവരം വെളിപ്പെടുത്തിയത്.
പോലീസ് കേസെടുത്തതറിഞ്ഞതോടെ ആവലഹള്ളിയിലെ വീടു പൂട്ടി ഇരുവരും രക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും ചില സൂചനകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.
	
		

      
      



              
              
              




            
Leave a Reply