ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് ബാധിച്ച് മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് 85കാരനായ രോഗി 25 വർഷമായി തന്റെ ഒപ്പം ഉണ്ടായിരുന്നവളെ വിവാഹം കഴിച്ചു. ബെന്നി ഖാ (85), ജൂലിയ കോക്സ് എന്നിവർ രണ്ടു പതിറ്റാണ്ടിലേറെയായി ഒന്നിച്ചായിരുന്നെങ്കിലും വിവാഹം കഴിച്ചിരുന്നില്ല. എന്നാൽ ഈ നിമിഷത്തിൽ കിംഗ്സ്റ്റൺ ആശുപത്രിയിലെ ഉദ്യോഗസ്ഥർ അക്യൂട്ട് അസസ്മെന്റ് യൂണിറ്റിനെ വിവാഹ വേദിയാക്കി മാറ്റി. പൂർണ ആരോഗ്യവാനായ ബെന്നി, ഈ വർഷം തുടക്കത്തിലാണ് രോഗബാധിതനായത്. ജനുവരി 2ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി എട്ടിന് രാത്രി 11.30 ന് അദ്ദേഹം ജൂലിയയെ, അവളുടെ രണ്ട് പെൺമക്കളായ എലനോർ കോക്സിനെയും എമ്മ പെർഹാമിനെയും സാക്ഷി നിർത്തി വിവാഹം കഴിച്ചു. ഒരാഴ്ച കഴിഞ്ഞ് ജനുവരി 17 ന് ബെന്നി മരിച്ചു.
ബെന്നിയും ജൂലിയയും 25 വർഷം മുമ്പ് ബാഡ്മിന്റൺ കളിച്ച് കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തു. അന്നുമുതൽ ഒരു കല്യാണത്തെപ്പറ്റി ആലോചിച്ചിരുന്നുവെങ്കിലും ഒരിക്കലും അതിലേക്ക് എത്തിയില്ല. ” “ബെന്നി വർഷങ്ങളായി ഞങ്ങളുടെ ഒപ്പം ഉണ്ട്. ഞാൻ അദ്ദേഹത്തെ എന്റെ അച്ഛനായി കരുതുന്നു. മമ്മിയും ബെന്നിയും വിവാഹിതരാകുന്നത് കാണാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ” മകളായ എലനോർ കോക്സ് പറഞ്ഞു. “വിവാഹ കേക്ക്, അലങ്കാരങ്ങൾ എന്നിവയ്ക്ക് ധനസഹായം നൽകിയ കിംഗ്സ്റ്റൺ ഹോസ്പിറ്റൽ ചാരിറ്റിക്ക് നന്ദി അറിയിക്കുന്നു. ബെന്നിയുടെ ബെഡ്സൈഡ് മനോഹരമായ ലൈറ്റുകളും അലങ്കാരങ്ങളും കൊണ്ട് അലങ്കരിക്കാൻ സമയം ചെലവഴിച്ച എല്ലാ ഉദ്യോഗസ്ഥരോടും നന്ദി.” അവൾ കൂട്ടിച്ചേർത്തു. ബെന്നിക്കും ജൂലിയക്കും മൂന്ന് പെൺമക്കളും നാല് പേരക്കുട്ടികളും ഉണ്ട്. തന്റെ ആഗ്രഹം സഫലമാക്കിയാണ് ബെന്നി വിടപറഞ്ഞത്. ഒരുപക്ഷെ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനായി.
Leave a Reply