ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എനർജി ബില്ലുകൾ മരവിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച് ലിസ് ട്രസ് ഇന്ന് പാർലമെന്റിൽ പ്രസ്താവന നടത്തും. പ്രധാനമന്ത്രിയായതിന് ആദ്യ നടപടിയാണിത്. എന്നാൽ എണ്ണ, വാതക കമ്പനികൾക്ക് നികുതി ചുമത്താനുള്ള നീക്കത്തിൽ ലിസ് ട്രസ് വിസമ്മതിച്ചു. ഇതോടെ ഏകദേശം 170 ബില്യൺ പൗണ്ട് അധിക ലാഭം ഇവർക്ക് ലഭിക്കും.

കൂടുതൽ പണം കടം വാങ്ങുന്നതിലൂടെ ദേശീയ കടം 100 ബില്യൺ പൗണ്ടിനടുത്തെത്തുമെന്നാണ് വിദ​ഗ്ദർ പറയുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഊർജ്ജ ഉൽപ്പാദകർക്ക് 170 ബില്യൺ പൗണ്ട് അധിക ലാഭം നേടാനാകുമെന്ന് ട്രഷറി പ്രവചിച്ചതായി ലേബർ നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ഈ ആഴ്ച ലിസ് ട്രസ് പ്രഖ്യാപിക്കുന്ന പ്രധാന പദ്ധതികൾക്ക് കീഴിൽ എല്ലാ കുടുംബങ്ങൾക്കും എനർജി ബില്ലിൽ പ്രതിവർഷം 2,500 പൗണ്ട് മരവിപ്പിക്കാൻ സാധ്യതയുണ്ട്. “നമ്മുടെ രാജ്യത്തുടനീളമുള്ള ആളുകൾ ജീവിതച്ചെലവുമായി പൊരുതുകയാണെന്നും ഊർജ്ജ ബില്ലുമായി മല്ലിടുകയാണെന്നും ഞാൻ മനസ്സിലാക്കുന്നു. അതുകൊണ്ടാണ്, പ്രധാനമന്ത്രി എന്ന നിലയിൽ, ജനങ്ങളുടെ എനർജി ബില്ലിൽ ഞാൻ അടിയന്തിര നടപടി സ്വീകരിക്കുന്നത്.” ട്രസ് വ്യക്തമാക്കി.

നിലവിലെ പരിധി £1,971 ആണെങ്കിലും ശൈത്യകാലത്ത് ലിസ് ട്രസ് £400 കിഴിവ് നിലനിർത്തുകയും ബില്ലുകളിൽ £153 ഗ്രീൻ ലെവികൾ ഒഴിവാക്കുകയും ചെയ്യുമെന്നുമാണ് സഖ്യകക്ഷികൾ കരുതുന്നത്. മുൻ കാലങ്ങളിൽ വിവാദമായ പല പദ്ധതികളും പുതിയ പ്രധാനമന്ത്രി പിൻവലിച്ചതായാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.