ന്യൂസ് ഡെസ്ക്

യുഡിഎഫ് കൺവീനറും ചാലക്കുടിയിലെ സ്ഥാനാർഥിയുമായ ബെന്നി ബെഹ്നാന്റ ഹൃദയധമനികളിലൊന്ന് 90 ശതമാനവും രക്തയോട്ടം തടസ്സപ്പെട്ട നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ. മരണം വരെ സംഭവിക്കാമായിരുന്ന അവസ്ഥയിലായിരുന്നു ബെന്നി ബെഹ്നാൻ എന്നും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായത് ഗുണകരമായെന്നും ഡോക്ടർമാർ പറയുന്നു.

കാക്കനാടുള്ള സൺറൈസേഴ്സ് ആശുപത്രിയിലാണ് ബെന്നി ബെഹ്നാനെ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് 90 മിനിറ്റുള്ളിൽ ആൻജിയോ പ്ലാസ്റ്റി നടത്തിയതിനാൽ ആരോഗ്യനില പൂർവസ്ഥിതിയിൽ ആക്കാൻ സാധിച്ചുവെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

ഡോക്ടർ ബാലകൃഷ്ണൻ, ഡോക്ടർ ബ്ലെസൻ വർഗീസിന്റെയും നേതൃത്വത്തിലാണ് ആൻജിയോ പ്ലാസ്റ്റി നടത്തിയത്. ആശുപത്രിയിൽ കഴിയുന്ന ബെന്നി ബെഹ്നാനെ എതിർ സ്ഥാനാർഥിയായി മത്സരിക്കുന്ന ഇന്നസെന്റ് ആശുപത്രിയിലെത്തി സന്ദർശിച്ചു. കോൺഗ്രസ് നേതാവ് എം.എം ഹസനും ആശുപത്രിയിലെത്തി ബെന്നി ബെഹ്നാന്റെ കുടുംബാംഗങ്ങളെ കണ്ടു.

നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് ബെന്നി ബെഹ്നാൻ. വെള്ളിയാഴ്ച പുലർച്ചെ 3.30 നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബെന്നി ബെഹ്നാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രചാരണ തിരക്കുകൾ കഴിഞ്ഞ് രാത്രി 11 മണിയോടെ ഭക്ഷണം കഴിച്ച് കിടന്നതിന് ശേഷമാണ് അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.