ടോം ജോസ് തടിയംപാട്.
ലിവര്‍പൂള്‍: മലയാളി അസോസിയേഷന് ഒന്നും ഇല്ലാത്ത ലിവര്‍പൂള്‍ ബെര്‍ക്കിന്‍ഹെഡില്‍ യാതൊരു ഔദ്യോഗികതകളും ഇല്ലാതെ ആദ്യ മലയാളി കൂട്ടായ്മ നടന്നു. ബെര്‍ക്കിന്‍ഹെഡ് പ്രദേശത്തെ ഒട്ടു മിക്ക കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അന്തരിച്ച യുഗപ്രഭാവനായ കവി ഒഎന്‍വി കുറുപ്പിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് എല്ലാവരും ഒരു മിനിട്ട് മൗനം ആചരിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ബെന്‍സണ്‍ എഴുതി ആലപിച്ച പ്രാര്‍ത്ഥനാഗീതം വളരെ അര്ത്ഥസമ്പുഷ്ട്ടത നിറഞ്ഞതായിരുന്നു. ഒഎന്‍വിയുടെ ആദി ഉഷസ് സന്ധ്യപൂത്തതിവിടെ എന്ന ഗാനം ബെന്‍സനും ഷിബും കൂടി ആലപിച്ചു. ഭൂമിക്ക് ഒരു ചരമഗീതം എന്ന കവിത ബെന്‍സണ്‍ ആലപിച്ചു. അങ്ങനെ പരിപാടികളില്‍ അകെ ഒഎന്‍വിയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്നു. കുട്ടികളും വലിയവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ എല്ലാവരും അസ്വദിച്ചു. പങ്കെടുത്ത എല്ലാവരും കൂടിയാണ് സ്വാദിഷ്ട്ടമായ നാടന്‍ ഭക്ഷണം പാകം ചെയ്തു.
സുനില്‍, ലിന്‍ജു എന്നിവര്‍ പാകം ചെയ്ത അങ്കമാലി മാങ്ങാകറി എല്ലാവരും നന്നായി ആസ്വദിച്ചു. പരിപാടികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സാം ചക്കട, മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് മുന്‍ കൗണ്‍സിലര്‍ ആന്റോ ജോസ്, ടോം ജോസ് തടിയംപാട് എന്നിവര്‍ സംസാരിച്ചു. ഷിബു, സണ്ണി, ബിജു, സോജന്, ബാബു, ബിനോയ്, ആന്റോ ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.