സ്ത്രീകളെ അപമാനിച്ച് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ താമസ സ്ഥലത്തെത്തി അതിക്രമിക്കുകയും കയ്യേറ്റം ചെയ്യുകയും കരിയോയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കലും ഒളിവിലാണെന്ന് റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. അതിനാല്‍ ഇവരുടെ അറസ്റ്റും റിമാന്‍ഡും ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് വിവരം. ഇവരെ വേട്ടയാടില്ലെങ്കിലും തരം കിട്ടിയില്‍ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് നീക്കം.

യൂട്യൂബ് ചാനലില്‍ അപകീര്‍ത്തികരമായ വിഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി നായരെ കൈകാര്യം ചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് കാര്യങ്ങല്‍ കൈവിട്ടത്. ജാമ്യാപേക്ഷ അഡിഷനല്‍ സെഷന്‍സ് കോടതി രൂക്ഷ വിമര്‍ശനത്തോടെ തള്ളിയതോടെയാണ് പെട്ടുപോയത്.

ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കള്‍ക്കും കോടതിയുടെ രൂക്ഷ വിമര്‍ശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കൈയേറ്റം ചെയ്യല്‍, മോഷണം തുടങ്ങി അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. കഴിഞ്ഞ ദിവസം അപേക്ഷ പരിഗണിച്ചപ്പോള്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് ഒരു തെറ്റായ കീഴ്‌വഴക്കമാകും. അത് നിയമം കയ്യിലെടുക്കുന്നനവര്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് എതിര്‍ത്തത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ്. നിലവില്‍ ഇതുവരെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരുന്നത്‌ ചൂണ്ടിക്കാട്ടിയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടക്കാതിരുന്നത്‌. നിലവില്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ ഇവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനാകും. എന്നാല്‍ അതുവരെ പോലീസ് കാത്തിരിക്കുമോയെന്നാണ് അറിയേണ്ടത്.

ഇവരുടെ പരാതിയില്‍ വിജയ്‌ക്കെതിരെയും കേസ് എടുത്തെങ്കിലും ഇയാള്‍ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. വിജയ് നായര്‍ക്കെതിരെ പല പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണു തങ്ങള്‍ നേരിട്ടു കൈകാര്യം ചെയ്തതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും വാദം. സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണു ഭാഗ്യലക്ഷ്മിയുടെ നീക്കം. അതേസമയം ഹൈക്കോടതിയില്‍ എത്തും മുമ്പ് അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നത്. ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്താല്‍ കോടതിവിധി വന്നതിന് ശേഷം മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിയൂ. ഹൈക്കോടതിയില്‍ കേസ് കൊടുക്കുന്നത് വരെ ഇവര്‍ മാറി നില്‍ക്കുമോയെന്ന് അറിയില്ല. അതെ ധൈര്യമായി അറസ്റ്റ് വരിക്കുമോ. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് കണ്ടതോടെ എല്ലാവരും പെട്ടിരിക്കുകയാണ്