മന്ത്രിസഭാ രൂപീകരണത്തിനായുള്ള ഉഭയകക്ഷി ചർച്ചകൾ ഇടതുമുന്നണിയിൽ പുരോഗമിക്കുന്നു. സിപിഎം – സിപിഐ ചർച്ചകളിൽ മന്ത്രിസ്ഥാനത്തിൽ ധാരണയായെങ്കിലും കേരളാ കോൺഗ്രസ് (എം) അടക്കമുള്ള പാർട്ടികളുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾ പൂർണമായും വിജയം കണ്ടില്ല. രണ്ട് സീറ്റുകൾ വേണമെന്ന ആവശ്യത്തിൽ കേരളാ കോൺഗ്രസ് ഉറച്ച് നിന്നതോടെ ഇന്ന് ചേർന്ന യോഗം ധാരണയാകാതെ പിരിഞ്ഞു. രണ്ട് മന്ത്രിസ്ഥാനത്തിൽ കേരളാ കോൺഗ്രസ് ഉറച്ച് നിന്നെങ്കിലും ഒരു മന്ത്രിസ്ഥാനം നൽകാം എന്ന് സിപിഎം അറിയിച്ചു. രണ്ട് മന്ത്രിസ്ഥാനം നൽകുന്നത് നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്ന് സിപിഎം അറിയിച്ചതായാണ് വിവരം.

രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേരളാ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭ്യമായാൽ വഴങ്ങണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സിപിഎം ഈ ഫോർമുല മുന്നോട്ട് വെച്ചിട്ടുണ്ട് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ഇടുക്കിയിൽ നിന്നും വിജയിച്ച റോഷി അഗസ്‌റ്റിൽ മന്ത്രിയാകും. ആരാകും ചീഫ് വിപ്പ് എന്ന കാര്യത്തിൽ തീരുമാനവുമെടുത്തിട്ടില്ല. രണ്ട് മന്ത്രിസ്ഥാനം ലഭിച്ചാൽ ഡോ എന്‍ ജയരാജിന് അവസരം ലഭിക്കും. അതിനുള്ള സാധ്യത കുറവാണ്. ചീഫ് വിപ്പ് സ്ഥാനം ലഭിച്ചാൽ ജയരാജിന് കൈമാറണോ എന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.

അർഹതപ്പെട്ട പ്രാധാന്യം പാർട്ടിക്ക് ലഭിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചർച്ചകൾക്ക് ശേഷം ജോസ് കെ മാണി പറഞ്ഞു. കേരളാ കോൺഗ്രസിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെട്ടത്. ചർച്ചകൾ ഇനിയും തുടരും. ആവശ്യങ്ങൾ അറിയിച്ചിട്ടുണ്ട്. പോസിറ്റീവ് നിലപാടാണ് ചർച്ചയിലുണ്ടായത്. ഒറ്റക്കെട്ടായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. എകെജി സെൻ്ററിൽ നടന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ, ജോസ് കെ മാണി, റോഷി അഗസ്‌റ്റിൻ, സ്‌റ്റീഫൻ ജോർജ് എന്നിവർ പങ്കെടുത്തു.

  സച്ചിൻ പൈലറ്റ് ബിജെപിയിൽ ചേരുമെന്ന് റീത്ത ബഹുഗുണ; സംസാരിച്ചത് സച്ചിൻ തെണ്ടുൽക്കറോടായിരിക്കും എന്ന് തിരിച്ചടിച്ചു പൈലറ്റ്

കേരളാ കോൺഗ്രസ് എമ്മിൻ്റെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം യോഗത്തിൽ പാർട്ടി ചെയർമാൻ കൂടിയായ ജോസ് കെ മാണി വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. കേരളാ കോൺഗ്രസിൻ്റെ ശക്തി കേന്ദ്രമായ കോട്ടയം ജില്ലയിൽ നിന്ന് ഒരു മന്ത്രി കൂടിയുണ്ടായാൽ പാർട്ടിക്ക് നേട്ടമാകുമെന്നും ജില്ലയിൽ കൂടുതൽ സ്വാധീനമുണ്ടാക്കാൻ ഈ നീക്കം സഹായമാകുമെന്നുമാണ് കേരളാ കോൺഗ്രസിൻ്റെ വിലയിരുത്തൽ. അല്ലാത്ത പക്ഷം രാഷ്‌ട്രീയ തിരിച്ചടിക്ക് വഴിവെക്കും. ഈ സാഹചര്യത്തിൽ കോട്ടയത്ത് നിന്നും ഒരു മന്ത്രി വേണമെന്നാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്.

പാലായിൽ തിരിച്ചടിയുണ്ടായെങ്കിലും രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേരളാ കോൺഗ്രസ് എം. കഴിഞ്ഞ ദിവസം ചേർന്ന നേതൃയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. പാർട്ടിക്ക് അഞ്ച് എംഎൽഎമാരുള്ള സാഹചര്യത്തിൽ രണ്ട് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ട്. ഒന്നും രണ്ടും എൽ എൽ എമാരുള്ള ഘടക കക്ഷികൾക്ക് ഒരു മന്ത്രിസ്ഥാനം നൽകുമ്പോൾ കേരളാ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം നൽകണമെന്നാണ് ജോസ് പക്ഷം ആവശ്യപ്പെടുന്നത്.