മലയാള സിനിമയിൽ തന്നെ ഒതുക്കാൻ ശ്രമിച്ചെന്ന ഭാമയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പലപേരുകളും അതിനെ ചുറ്റിപ്പറ്റി പുറത്തു വന്നിരുന്നു. എന്നാൽ നടൻ ദിലീപല്ല തന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചതെന്ന് ഭാമ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പ്രമുഖ സ്ത്രീ പക്ഷ മാസികയ്ക്കു ഭാമ നൽകിയ അഭിമുഖത്തിൽ ചിലർ തന്നെ സിനിമയിൽ നിന്ന് മാറ്റി നിർത്താൻ ശ്രമിച്ചെന്ന് തുറന്നു പറഞ്ഞത്.

“‘ഇവർ വിവാഹിതരായാൽ’ എന്ന സിനിമയിൽ അഭിനയിക്കുന്ന കാലത്ത് സംവിധായകൻ സജി സുരേന്ദ്രൻ പറ‍ഞ്ഞു,‘ഭാമയെ ഈ സിനിമയിൽ അഭിനയിപ്പിക്കാതിരിക്കാന്‍ ചിലരൊക്കെ ശ്രമിച്ചിരുന്നു. സിനിമ അനൗൺസ് ചെയ്തപ്പോഴേ ഒരാൾ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എല്ലാം ഫിക്സ് ചെയ്തു കഴിഞ്ഞു എന്നു പറഞ്ഞപ്പോള്‍, അവര്‍ നിങ്ങള്‍ക്കു തലവേദനയാകും എന്നു മുന്നറിയിപ്പു നല്‍കി.’

അന്നതത്ര കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്ക വിചാരിച്ചു. അത് ഒരാളാേണാ എന്ന് എനിക്ക് അറിയില്ല. ഒന്നിലേറെ പേരുണ്ടായേക്കാം. എന്നെ സിനിമയിൽ ഉൾപ്പെടുത്തിയാൽ വലിയ തലവേദനയാണെന്നാണ് ആ ‘ശത്രുക്കള്‍’ പറ‍ഞ്ഞു പരത്തുന്നത്. വീണ്ടും ചില സംവിധായകർ എന്നോടിതു തുറന്നു പറഞ്ഞിട്ടുണ്ട്. കുറച്ചു നാൾ മുമ്പ് വി.എം. വിനു സംവിധാനം ചെയ്ത ‘മറുപടി’യിൽ അഭിനയിച്ചു. ഷൂട്ടിങ് തീരാറായ ദിവസങ്ങളിലൊന്നില്‍ വിനുേച്ചട്ടന്‍ പറഞ്ഞു. ‘നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുന്‍പ് ഒരാള്‍ വിളിച്ചു ആവശ്യപ്പെട്ടു, നിന്നെ മാറ്റണം അല്ലെങ്കില്‍ പുലിവാലാകും എന്ന്.’

ചേട്ടൻ  എനിക്കൊരു ഉപകാരം ചെയ്യണം. ആരാണു വിളിച്ചതെന്നു മാത്രമൊന്നു പറയാേമാ… ഒരു കരുതലിനു വേണ്ടി  മാത്രമാണ്.’ ഞാന്‍ ആവശ്യപ്പെട്ടു. വിനുച്ചേട്ടന്‍ പറഞ്ഞ പേരു കേട്ട്  ഞാന്‍ ഞെട്ടി  ഞാനൊരുപാടു ബഹുമാനിക്കുന്ന ആൾ. ചില ചടങ്ങുകളിൽ വച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ എന്തിനു ശ്രമിക്കുന്നു എന്നറിയില്ല.

ഇതായിരുന്നു ഭാമ അഭിമുഖത്തിൽ പറഞ്ഞത്, എന്നാൽ ഇത് വായിച്ച് ആളുകൾ തെറ്റിദ്ധരിച്ചെന്നും, ഒരു സിനിമാ വാരികയിൽ കോട്ടയംകാരിയായ നടിയെ ഒതുക്കാൻ ദിലീപ് ശ്രമിച്ചെന്ന ഒരു ലേഖനവും കൂടി പുറത്തുവന്നപ്പോൾ അത് താനാണെന്ന് ജനങ്ങൾ വിചാരിച്ചെന്നും തന്നെ ഒതുക്കാൻ ശ്രമിച്ചയാൾ ദിലീപല്ലെന്നും ഭാമ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.