കോഴിക്കോട് ∙ ഭണ്ഡാരങ്ങളും ക്ഷേത്രങ്ങളിലെ ഓഫിസ് മുറികളും കുത്തിത്തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ‘ഭണ്ഡാരം സജീഷ്’ പോലീസിന്റെ പിടിയിൽ. മലപ്പുറം എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ് (44) ആണ് അറസ്റ്റിലായത്. വയനാട് പോലീസിന്റെ സഹായത്തോടെ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും എലത്തൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വിവിധ ജില്ലകളിലായി നൂറിലേറെ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച പുലർച്ചെ കോഴിക്കോട് കുണ്ടൂപ്പറമ്പ് കൊറ്റിയാടത്ത് ഭഗവതീക്ഷേത്രത്തിലും അങ്കക്കളരി ഭഗവതീക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. ഈ മാസം 12ന് പൂളാടിക്കുന്ന് കല്ലിടുക്കിൽ ഭഗവതീക്ഷേത്രം, മാട്ടുപ്പിലാവ് ഭഗവതീക്ഷേത്രം എന്നിവിടങ്ങളിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരേ വ്യക്തിയാണ് മോഷണങ്ങൾ നടത്തിയതെന്ന് വ്യക്തമായത്. ശാസ്ത്രീയ തെളിവുകളും പരിശോധിച്ചാണ് പ്രതി സജീഷാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അന്വേഷണത്തിനിടെ പ്രതി മൈസൂരുവിലേക്ക് കടന്നതായി കണ്ടെത്തിയതോടെ ക്രൈം സ്‌ക്വാഡ് വിവരം വയനാട് പോലീസിന് കൈമാറി. തുടർന്നാണ് ഇയാളെ പിടികൂടിയത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സജീഷിനെതിരെ മോഷണക്കേസുകൾ നിലവിലുണ്ട്. കുന്നംകുളം, പേരാമംഗലം, എരുമപ്പെട്ടി, തൃത്താല, ചാലിശ്ശേരി, ചങ്ങരംകുളം, പൊന്നാനി, കൊയിലാണ്ടി എന്നിവയുൾപ്പെടെയുള്ള സ്റ്റേഷൻ പരിധികളിലാണ് കേസുകളുള്ളത്.