സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ഡബ്ല്യുസിസിയുടെ റെഫ്യൂസ് ദ അബ്യൂസ് കാമ്പയി‌ന്റെ ഭാഗമായി നടി ഭാവന. സ്ത്രീകള്‍ക്ക് എതിരെയാണ് സൈബര്‍ അതിക്രമങ്ങള്‍ കൂടുതലായി കണ്ടു വരുന്നത്. ഈ മെന്റാലിറ്റി ശരിയല്ല എന്ന് ഭാവന പറയുന്നു.

”സോഷ്യല്‍ മീഡിയയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കി മറ്റുള്ളവരെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയുക, അല്ലെങ്കില്‍ കമന്റ് എഴുതുക. സ്ത്രീകള്‍ക്കെതിരേയാണ് ഇത്തരം ഓണ്‍ലൈന്‍ അബ്യൂസുകള്‍ കൂടുതലും കണ്ടു വരുന്നത്. ഞാന്‍ എന്തും പറയും, എന്നെ ആരും കണ്ടു പിടിക്കില്ല എന്നാണോ അല്ലെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നത് വേണ്ടി ചെയ്യുന്നതാണോ ഇത്തരത്തിലുള്ള ആളുകളുടെ മെന്റാലിറ്റി എന്നറിയില്ല. അത് എന്ത് തന്നെയാണെങ്കില്‍ അത്ര നല്ലതല്ല. പരസ്പരം ദയവോടെ പെരുമാറുക.. റെഫ്യൂസ് ദ അബ്യൂസ്” എന്നാണ് ഭാവനയുടെ വാക്കുകള്‍.

നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ഭാവന തെന്നിന്ത്യയിലെ തിരക്കുള്ള താരമാണ് ഇപ്പോള്‍. 2017-ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. മലയാള സിനിമയിലേക്കുള്ള താരത്തിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇന്‍സ്‌പെക്ടര്‍ വിക്രം, ഭജ്രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ@ജിമെയില്‍.കോം എന്നീ കന്നഡ ചിത്രങ്ങളാണ് ഭാവനയുടെതായി ഒരുങ്ങുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രം 96-ന്റെ കന്നഡ റീമേക്ക് 99 ആണ് ഭാവന ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.