ജോസ് കെ മാണി പക്ഷത്ത് നിന്ന് മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; ഇ ജെ അഗസ്തി അടക്കമുള്ള നേതാക്കള്‍ ജോസഫ് ഗ്രൂപ്പിലേയ്ക്ക്

ജോസ് കെ മാണി പക്ഷത്ത് നിന്ന് മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു;  ഇ ജെ അഗസ്തി അടക്കമുള്ള നേതാക്കള്‍ ജോസഫ് ഗ്രൂപ്പിലേയ്ക്ക്
October 25 15:17 2020 Print This Article

എല്‍ഡിഎഫ് പ്രവേശനത്തില്‍ പ്രതിഷേധിച്ച് നേതാക്കള്‍ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി വിഭാഗം വിട്ട് പി ജെ ജോസഫ് വിഭാഗത്തിലേയ്ക്ക് പോകുന്നു. മുതിര്‍ന്ന നേതാവും മുന്‍ കോട്ടയം ജില്ല പ്രസിഡന്റുമായ ഇ ജെ അഗസ്തി അടക്കമുള്ളവരാണ് ജോസ് കെ മാണിയെ വിട്ട് ജോസഫിനൊപ്പം ചേരുന്നത്. 25 വര്‍ഷം കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലാ പ്രസിഡന്റായിരുന്നു ഇ ജെ അഗസ്തി. 2017ല്‍ സിപിഎം പിന്തുണയോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ അധികാരത്തിലെത്തിയതില്‍ പ്രതിഷേധിച്ച് ജില്ലാ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും അഗസ്തി പാര്‍ട്ടി വിട്ടിരുന്നില്ല. മറ്റൊരു പ്രമുഖ നേതാവായ ജോസഫ് എം പുതുശ്ശേരി നേരത്തെ മാണി ഗ്രൂപ്പ് വിട്ടിരുന്നു.

ഒക്ടോബർ 14ന് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് എൽഡിഎഫിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചതായും രാജ്യസഭാംഗത്വം രാജി വയ്ക്കുന്നതായും ജോസ് കെ മാണി അറിയിച്ചത്. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഘടകക്ഷിയായി ഒക്ടോബർ 22ന് എൽഡിഎഫ് അംഗീകരിച്ചു. ഉപാധികളില്ലാതെയാണ് ജോസ് കെ മാണി പക്ഷം എൽഡിഎഫിലേയ്ക്ക് വന്നതെന്ന് മുന്നണി കൺവീനർ എ വിജയരാഘവും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ള നേതാക്കൾ പറഞ്ഞിട്ടുണ്ടെങ്കിലും പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് സിറ്റിംഗ് എംഎൽഎ മാണി സി കാപ്പനും എൻസിപിയും. 15 സീറ്റുകൾ ആവശ്യപ്പെട്ട ജോസ് കെ മാണി വിഭാഗത്തിന് 12-13 സീറ്റുകൾ എൽഡിഎഫ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായും പാർട്ടി ചെയർമാൻ സ്ഥാനവുമായും ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തെ, കെ എം മാണിയുടെ മരണ ശേഷം പിളർപ്പിലേയ്ക്കെത്തിച്ചത്. ജോസ് കെ മാണി – പി ജെ ജോസഫ് പോര്, പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുക്കുന്നതിലേയ്ക്ക് നയിച്ചിരുന്നു. ജില്ലാ പഞ്ചായത്തിന്റെ പേരിൽ യുഡിഎഫ് തങ്ങളെ അപമാനിച്ച് പുറത്താക്കിയെന്ന് ജോസഫ് ഗ്രൂപ്പും കോൺഗ്രസ്സും തന്നെ വ്യക്തിഹത്യ നടത്തിയതെന്നും ഇതുകൊണ്ടാണ് എൽഡിഎഫിലേയ്ക്ക് പോകുന്നതെന്നും ഇടതുമുന്നണിയുടെ നയങ്ങളോട് യോജിപ്പാണെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. ജോസ് കെ മാണിയുടെ വരവ് ഇടതുമുന്നണിയെ ശക്തിപ്പെടുത്തുമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. ഈ വർഷം അവസാനം നടക്കാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും 2021 ഏപ്രിൽ-മേയിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിും മധ്യകേരളത്തിൽ വലിയ നേട്ടമുണ്ടാക്കാൻ ഇത് സഹായകമാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles