യു.എസില്‍ നവംബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ടാലും അദ്ദേഹം സ്ഥാനമൊഴിയാൻ വിസമ്മതിച്ചേക്കുമെന്ന് ഡെമോക്രാറ്റിക്‌ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. അങ്ങിനെ സംഭവിച്ചാല്‍ സൈന്യം ഇടപെട്ട് ട്രംപിനെ വൈറ്റ് ഹൌസില്‍ നിന്നും പുറത്താക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഡെയ്‌ലി ഷോയുടെ ട്രെവർ നോവയോട് സംസാരിച്ച ബൈഡന്‍ ഏറ്റവും വലിയ ആശങ്ക പ്രസിഡന്റ് ഈ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമോ എന്നതാണ് എന്നും അദ്ദേഹം പറയുന്നു.

മെയിൽ-ഇൻ ബാലറ്റുകളെ കുറിച്ചുള്ള ട്രംപിന്‍റെ പരാമര്‍ശങ്ങളാണ് ബൈഡന്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. തട്ടിപ്പിനെക്കാള്‍ കുറഞ്ഞൊന്നും മെയില്‍ ഇന്‍ ബാലറ്റ് കൊണ്ട് ഉണ്ടാകാന്‍ സാധ്യതിയില്ലെന്ന് ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. മെയില്‍ ബോക്‌സുകള്‍ കവര്‍ന്നെടുക്കപ്പെടുമെന്നും ബാലറ്റുകള്‍ വ്യാജമാകാന്‍ സാധ്യതയുണ്ടെന്നും നിയമവിരുദ്ധമായി അച്ചടിക്കുകയും കൃത്രിമമായി ഒപ്പിടുകയും ചെയ്യപ്പെടാമെന്നുമൊക്കെ പലതവണ അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ട്രംപ് തന്നെ വോട്ടു ചെയ്യാന്‍ ഈ മാര്‍ഗ്ഗം ഉപയോഗിച്ചിട്ടുണ്ടെന്നും, യാതൊരു തെളിവുകളുടെയും പിന്‍ബലമില്ലാതെ വെറുതെ ആരോപണം ഉന്നയിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം ട്രംപ് അധികാരം ഉപേക്ഷിക്കാൻ വിസമ്മതിക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടുണ്ടെന്നും എന്നാൽ ഉന്നത സൈനികർ ഇടപെടുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ബൈഡന്‍ നോഹയോട് പറഞ്ഞു. മിക്ക അഭിപ്രായ വോട്ടെടുപ്പുകളിലും ട്രംപ് ബൈഡനെക്കാള്‍ ഏറെ പിറകിലാണ്. സി‌എൻ‌എൻ നടത്തിയ പ്രീ പോള്‍ സര്‍വ്വേയില്‍ 14 പോയിന്റ് മുന്നില്‍ ബൈഡനാണ്.

അതേസമയം, ട്രംപിന്‍റെ പ്രചാരണ വിഭാഗം കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ടിം മുർതോഗ് ബിഡന്റെ അഭിപ്രായത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ‘ഇത് ഞങ്ങളുടെ തിരഞ്ഞെടുപ്പിലുള്ള ആത്മവിശ്വാസം ദുർബലപ്പെടുത്താനുള്ള ശ്രമവും ജോ ബൈഡന്റെ ബുദ്ധിശൂന്യമായ മറ്റൊരു ഗൂഡാലോചന സിദ്ധാന്തവും ആണെന്നും’ അദ്ദേഹം പ്രതികരിച്ചു.