യുഎസ് ഭരണം കൈമാറാൻ സന്നദ്ധത പ്രകടിപ്പിച്ച് ട്രംപ്;സജീവ രാഷ്ട്രീയത്തിൽ തുടരും

യുഎസ് ഭരണം കൈമാറാൻ സന്നദ്ധത പ്രകടിപ്പിച്ച് ട്രംപ്;സജീവ രാഷ്ട്രീയത്തിൽ തുടരും
January 07 13:08 2021 Print This Article

വാഷിങ്ടൻ ∙ ഒടുവില്‍ യുഎസ് ഭരണം കൈമാറാൻ സന്നദ്ധത പ്രകടിപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സജീവ രാഷ്ട്രീയത്തിൽ താനുണ്ടാകുമെന്നും ട്രംപ് സൂചിപ്പിച്ചു. കാപ്പിറ്റോൾ മന്ദിരത്തിൽ കടന്നുകയറി റിപബ്ലിക്കൻ അനുകൂലികൾ അക്രമം അഴിച്ചുവിട്ടതിന്റെ നാണക്കേടിനു പിന്നാലെ യുഎസ് കോണ്‍ഗ്രസ് ഡമോക്രാറ്റ് നേതാവ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചിരുന്നു. ഇതോടെയാണ്, നേരത്തെ തോൽവി അംഗീകരിക്കാതിരുന്ന ട്രംപ് അധികാര കൈമാറ്റത്തിനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.

ബൈഡന്റെ വിജയം അംഗീകരിച്ചതിനു തൊട്ടുപിന്നാലെയാണു ട്രംപ് പ്രസ്താവനയിറക്കിയത്. ‘ക്രമപ്രകാരമുള്ള കൈമാറ്റം’ ഉറപ്പാക്കുമെന്നു പറഞ്ഞ ട്രംപ്, രാഷ്ട്രീയത്തിന്റെ മുൻനിരയിൽ താനുണ്ടാകുമെന്നും വ്യക്തമാക്കി. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതാണു അദ്ദേഹത്തിന്റെ വാക്കുകൾ.

‘തിരഞ്ഞെടുപ്പ് ഫലം പൂർണമായും അംഗീകരിക്കുന്നില്ല. യാഥാർഥ്യങ്ങൾ അങ്ങനെയാണ് അനുഭവപ്പെടുന്നത്. എന്തായാലും ക്രമപ്രകാരമുള്ള അധികാരമാറ്റം ജനുവരി 20ന് ഉണ്ടാകും. നിയമപ്രകാരമുള്ള വോട്ടുകൾ മാത്രം എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള നമ്മുടെ പോരാട്ടം തുടരും. മഹത്തായ പ്രസിഡന്റ് ചരിത്രത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിക്കുകയാണ്. അമേരിക്കയെ മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമാണിത്.’– പ്രസ്താവനയിൽ ട്രംപ് പറഞ്ഞു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസാണ് അംഗീകരിച്ചത്. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ മറികടന്നതോടെയാണു ബൈഡന്റെ വിജയം ഔദ്യോഗികമായത്. കാപ്പിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികൾ അക്രമം അഴിച്ചുവിട്ടതിനു ‌ശേഷം സഭ വീണ്ടും ചേർന്നാണു ബൈഡന്റെ വിജയം അംഗീകരിച്ചത്. 306 ഇലക്ടറൽ വോട്ടുകളാണു ബൈഡനു ലഭിച്ചത്. റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപിന് കിട്ടിയത് 232 വോട്ടും. റിപബ്ലിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആണ് വിജയം പ്രഖ്യാപിച്ചത്.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles