ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഓക്സ്‌ഫോർഡ് : ഓക്സ്ഫോർഡിന് സമീപം എ 40യിൽ ട്രക്കും മിനിവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടു. അമ്മയും മൂന്നു മക്കളുമാണ് ദാരുണ ദുരന്തത്തിന് ഇരയായവർ. നാല്, എട്ട് വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളും ആറ് വയസ് പ്രായമുള്ള ആൺകുട്ടിയും അവരുടെ അമ്മ (29) യും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മിനിവാനിൽ ഉണ്ടായിരുന്ന കുട്ടികളുടെ പിതാവിനെയും 18 മാസം പ്രായമുള്ള പെൺകുട്ടിയെയും ജോൺ റാഡ്ക്ലിഫ് ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്. ഓക്സ്ഫോർഡ്ഷയറിലെ ചിന്നോർ സ്വദേശികളാണ് ഇവർ. ഇന്നലെ രാത്രി 9:50ഓട് അടുപ്പിച്ച് ഓക്സ്ഫോർഡിന് പടിഞ്ഞാറ് റെയിൽവേ ഓവർബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്. 56കാരനായ ട്രക്ക് ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് തേംസ് വാലി പോലീസ് വ്യക്തമാക്കി.
ദാരുണമായ അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രഥമഘട്ടത്തിലാണ് തങ്ങളെന്ന് ബിസെസ്റ്റർ ആസ്ഥാനമായുള്ള സീരിയസ് കൊളിഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ സീനിയർ ഇൻവെസ്റ്റിഗേഷൻ ഓഫീസർ സർജന്റ് ഡൊമിനിക് മഹോൺ പറഞ്ഞു. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ആളുകളോട് 101ൽ ബന്ധപ്പെടാൻ അദ്ദേഹം ആവശ്യപ്പെട്ടു. റഫറൻസ് നമ്പർ 43200321914 ഉദ്ധരിച്ച് ഓൺലൈനിൽ റിപ്പോർട്ട് നൽകാവുന്നതുമാണ്. അപകടത്തിന്റെ ഡാഷ്-ക്യാം ഫൂട്ടേജുകളോ മറ്റോ പരസ്യമായി പങ്കിടരുതെന്ന് പോലീസ് അഭ്യർത്ഥിച്ചു. അപകടസ്ഥലത്തും ആശുപത്രിയിലും സഹായം നൽകിയവർക്ക് തേംസ് വാലി പോലീസ് നന്ദി അറിയിച്ചു. അതോടൊപ്പം അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു.
Leave a Reply