സ്വന്തം ലേഖകൻ

ചൈന :- കൊറോണ വൈറസ് ചൈനക്ക് പുറത്തേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ. വൈറസ് മൂലം 170 പേർ മരിച്ച സാഹചര്യത്തിലാണ് സംഘടനയുടെ ഈ തീരുമാനം. നിലവിൽ ചൈനയിൽ മാത്രമാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ വുഹാൻ നഗരമാണ് ഈ വൈറസിന്റെ ഉത്ഭവസ്ഥാനം. ചൈനയിൽ തന്നെ ഏകദേശം 7736 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ചൈനീസ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, മറ്റ് പതിനെട്ടോളം രാജ്യങ്ങളിലായി 98 കേസുകളാണ് നിലവിലുള്ളത്.


ചൈനയ്ക്ക് പുറത്തേക്ക് ഈ രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഇതിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. അടിയന്തര സാഹചര്യത്തോടുള്ള ചൈനയുടെ പ്രതികരണം ഏറ്റവും മികച്ചതാണെന്നു ഡബ്ല്യൂ എച്ച് ഒ ഡയറക്ടർ റ്റെഡ്‌റോസ് അധാനോം അഭിപ്രായപ്പെട്ടു. ശക്തമായ ആരോഗ്യ സംവിധാനങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ ഈ രോഗം പടരുന്നത്, അതീവഗുരുതര സാഹചര്യങ്ങൾക്ക് ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയുടെ പ്രവർത്തനങ്ങളിലുള്ള വിശ്വാസമില്ലായ്മ അല്ല മറിച്ച്, മറ്റു രാജ്യങ്ങളിലേക്ക് ഇത് പകരുന്നതാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കേണ്ട സമയം അല്ല , മറിച്ചു എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ട ഘട്ടമാണ് ഇത്.

നിലവിൽ ബ്രിട്ടണിൽ രോഗം ആർക്കും സ്ഥിരീകരിച്ചിട്ടില്ല. ചൈനയിൽ ആയിരിക്കുന്ന ബ്രിട്ടീഷുകാരെ തിരികെ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഗവൺമെന്റ്. ഇവർ എൻഎച്ച്എസ് ആശുപത്രികളിൽ ഐസൊലേഷൻ വാർഡിൽ രണ്ടാഴ്ച നിരീക്ഷണത്തിലായിരിക്കും. മിക്കവാറുമുള്ള രാജ്യങ്ങളെല്ലാം തന്നെ തങ്ങളുടെ പൗരന്മാരെ ചൈനയിൽ നിന്നും തിരികെ കൊണ്ടു പോവുകയാണ്.