പൊന്നുപോലെ നോക്കി വളര്‍ത്തിയ അമ്മയുടെ വിയോഗം ഭിന്നശേഷിക്കാരനായ ശരത്ചന്ദ്രനെ ഏറെ തളര്‍ത്തിയിരുന്നു. തന്നെ തനിച്ചാക്കി അമ്മ മടങ്ങിയ ലോകത്തേക്ക് ഒടുവില്‍ ശരത്ചന്ദ്രനും (31) യാത്രയായി. ഇന്നലെ രാത്രി ഏഴരയോടെയാണു ശരത് ചന്ദ്രനും മരണത്തിന് കീഴടങ്ങിയത്.

ഒറ്റപ്പാലം ദേവാമൃതത്തില്‍ പരേതയായ ശൈലജയുടെ മകന്‍ ശരത്ചന്ദ്രന്‍ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. മുപ്പത് കൊല്ലത്തോളം നീണ്ട മാതൃത്വത്തിന്റെ പരിചരണത്തിനൊടുവിലാണ് ശൈലജ യാത്രയായത്.

കഴിഞ്ഞ ജനുവരിയിലാണു സംഭവം. തലച്ചോറിലേക്കു ഓക്‌സിജന്‍ എത്തുന്നതിലെ കുറവായിരുന്നു മരണകാരണമെന്നു ബന്ധുക്കള്‍ പറയുന്നു. ജന്മനാ ഭിന്നശേഷിക്കാരനായ ശരത്ചന്ദ്രന്റെ ലോകം അമ്മയായിരുന്നു. സംസാരിക്കാന്‍ പോലും കഴിയാത്ത മകനെ വര്‍ഷങ്ങളോളം നെഞ്ചോട് ചേര്‍ത്തു ശൈലജ വളര്‍ത്തി.

ശൈലജ എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണു മകന്‍ ആദ്യമായി അമ്മേ എന്ന് ഉച്ചരിച്ചത്. കേള്‍ക്കാന്‍ കൊതിച്ച വിളിക്കു കാത്തു നില്‍ക്കാതെ അമ്മ യാത്രയായി. അതോടെ ശരത്ചന്ദ്രനു മാതൃത്വത്തിന്റെ പരിചരണവും നഷ്ടപ്പെട്ടു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്ന ശരത്ചന്ദ്രന്‍ ഇന്നലെ രാത്രി ഏഴരയോടെയാണു മരിച്ചത്. അച്ഛന്‍: രാമചന്ദ്രക്കുറുപ്പ്. സഹോദരങ്ങള്‍: ശ്യാംചന്ദ്രന്‍ (സിംഗപ്പുര്‍), ശരണ്യചന്ദ്രന്‍.