തൊടുപുഴയില്‍ ക്രൂരമായ മർദനത്തിനരിയായ 7 വയസ്സുകാരന്റെ അച്ഛൻ ബിജുവിന്റെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ബിജുവിന്റെ അച്ഛൻ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണ് അന്വേഷണം . പ്രതി അരുണ്‍ ആനന്ദിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാന്‍ പൊലീസ് അപേക്ഷ നൽകും.

യുവതിയുടെ ആദ്യ ഭര്‍ത്താവ് ബിജുവിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണ ചുമതല തൊടുപുഴ ഡിവൈഎസ്പിക്കാണ് . പോസ്റ്റ്മോർട്ടം രേഖകൾ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ബിജുവിന്റെ മരണ സർട്ടിഫിക്കറ്റ് ഉള്‍പ്പെടെ കാണാതായെന്നാണ് യുവതിയുടെ മൊഴി. ബിജു മരിച്ച് മൂന്നാം ദിവസം അരുൺ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകൾ ആവശ്യപ്പെട്ടതായി ബിജുവിന്റെ പിതാവ് ബാബു പറയുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷമാണ് അരുൺ ആനന്ദിനെ പരിചയപ്പെട്ടതെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിന്റെ പേരിൽ ബിജുവും, അരുണും തമ്മിൽ തിരുവനന്തപുരത്തെ ബിജുവിന്റെ വീട്ടിൽ വച്ചു രൂക്ഷമായ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടർന്നു വീട്ടിൽ കയറരുതെന്നു ബിജു, അരുണിനെ താക്കീതു ചെയ്തിരുന്നതായും പൊലീസ് പറയുന്നു. കോലഞ്ചേരിയിലെ ആശുപത്രിയിലുള്ള യുവതിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. അക്രമം നടന്ന കിടപ്പുമുറയിൽ താനും ഇളയ കുട്ടിയും ഉണ്ടായിരുന്നതായാണ് യുവതി മൊഴി നൽകിയിട്ടുള്ളത്. തടയാൻ ശ്രമിച്ച തന്നെയും അരുൺ മർദിച്ചെന്നും, പിടിവലിക്കിടെ ഇളയ കുട്ടിക്ക് പരുക്കേറ്റിരിക്കാമെന്നുമാണ് മൊഴി. കുട്ടികളുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന പണം യുവതിയെ ഭീഷണിപ്പെടുത്തി പ്രതി പിൻവലിപ്പിച്ചിരുന്നു.

സ്വന്തം അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ്, അമ്മയുടെ പേരിലുള്ള ഫ്ലാറ്റ് അരുൺ ആനന്ദ് സ്വന്തം പേരിൽ എഴുതി വാങ്ങിയത്. ബീയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് സുഹൃത്തിനെ കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും 35 ദിവസം സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞു.