യുകെയിലെ വെയിൽസിൽ മലയാളി യുവാവ് നിര്യാതനായി. വെയിൽസിലെ സ്വാൻസിയിൽ താമസിക്കുന്ന ബിജു ജോസ് (47) ആണ് പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്ന് നിര്യാതനായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു ബിജു ജോസിനെ മോറിസ്ടൻ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ജോലിക്ക് പോകുന്നതിനായി തയ്യാറെടുക്കുന്നതിനിടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ സ്മിത ഉടൻ തന്നെ CPR നൽകുകയും ആംബുലൻസ് വിളിക്കുകയും ചെയ്തതിനെ തുടർന്ന് പാരാമെഡിക്കൽ ടീം സ്ഥലത്ത് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു സ്വാൻസിയിലെ മലയാളി സമൂഹത്തിന് ഏറെ പ്രിയങ്കരനായിരുന്ന ബിജുവിനെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞു നിരവധി മലയാളികൾ ആയിരുന്നു ഹോസ്പിറ്റലിലേക്ക് ഓടിയെത്തിയത്. എന്നാൽ ബിജുവിനെ സ്നേഹിച്ചവരുടെയെല്ലാം പ്രാർത്ഥനകൾ വിഫലമാക്കി കൊണ്ട് മരണം സംഭവിക്കുകയായിരുന്നു.
കേരളത്തിൽ കോട്ടയം മറ്റക്കര മണ്ണൂർ സെന്റ് ജോർജ്ജ് ക്നാനായ കാത്തലിക് ഇടവകയിൽ പതിക്കൽ കുടുംബാംഗം ആണ്. ജോസഫ്, മേരി എന്നിവരാണ് മാതാപിതാക്കൾ. സ്വാൻസിയിലെ മോറിസ്ടൻ ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്തിരുന്ന ബിജുവിന്റെ ഭാര്യ സ്മിത ബിജു ഇതേ ഹോസ്പിറ്റലിൽ തന്നെ നഴ്സ് ആയി ജോലി ചെയ്യുന്നു. ജോയൽ ബിജു, ജൊവാൻ ബിജു, ജോഷ് ബിജു എന്നിവരാണ് മക്കൾ.
ഇരുപത് വർഷത്തിലധികമായി യുകെയിൽ ജോലി ചെയ്യുന്ന ബിജുവിന് യുകെയിലുടനീളം വലിയ സൗഹൃദ വലയം ആണുള്ളത്. എപ്പോഴും നിറഞ്ഞ ചിരിയോടെ സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്ന ബിജു ഇനി തങ്ങൾക്കൊപ്പമില്ല എന്നത് വിശ്വസിക്കാനാവാതെ ഞെട്ടലിലാണ് യുകെ മലയാളി സമൂഹവും. ബിജുവിന്റെ കുടുംബം സമ്മതിച്ചതിനെ തുടർന്ന് ഈ ലോകത്ത് നിന്നും യാത്രയാകുമ്പോഴും അവയവ ദാനത്തിലൂടെ വേറെ കുറച്ച് ആളുകൾക്ക് ജീവിതം നീട്ടി നൽകിക്കൊണ്ടാണ് ബിജു ജോസ് യാത്രയായത്. ബിജുവിന് വേണ്ടി ഇന്ന് വൈകുന്നേരം ആറു മണിക്ക് സ്വാൻസിയിൽ ജെൻറോസ് ഹോളിക്രോസ് പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ബിജുവിന്റെ മൃതദേഹം നാട്ടിലെ ഇടവക പള്ളിയിൽ സംസ്കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ബിജു ജോസിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു
Leave a Reply