ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബു കൂലിപ്പണിക്കാരനായിരുന്നു. നാല്‍പത്തിയെട്ടു വയസ്. 2018 ജൂണില്‍ മരിച്ചു. മരത്തില്‍ നിന്നു വീണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മൂന്നു മാസം അബോധാവസ്ഥയില്‍ കിടന്ന ശേഷമായിരുന്നു മരണം. ചാലക്കുടിയിലെ ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചു. വീട്ടുകാര്‍ക്കു മരണത്തില്‍ സംശയമില്ല. നാട്ടുകാര്‍ക്കു തീരെയില്ല. ബന്ധുക്കള്‍ക്കും സംശയമില്ല. മരത്തില്‍ കയറിയ ബാബു വീണു മരിച്ചതാണെന്ന് എല്ലാവരും വിശ്വസിച്ചു. പക്ഷേ, സത്യം അതല്ലായിരുന്നു.

ചാലക്കുടി, കൊടകര മേഖലകളില്‍ ബൈക്കു മോഷണം പതിവായിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി: സി.ആര്‍.സന്തോഷും സംഘവും ബൈക്ക് മോഷ്ടാക്കളെ തിരിച്ചറിയാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. അങ്ങനെയാണ്, കൊന്നക്കുഴിയിലെ ചില യുവാക്കളുടെ ജീവിതം പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. ദിവസവും ബൈക്ക് മാറിമാറി ഉപയോഗിക്കുന്നു. കൈനിറയെ കാശ്. കഞ്ചാവും. കൊന്നക്കുഴി സ്വദേശി ബാലുവിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു. ബൈക്ക് മോഷണത്തിന്‍റെ വിശദാംശങ്ങള്‍ ചോദിക്കുന്നതിനിടെ ബാലു ആ സത്യം തുറന്നുപറഞ്ഞു. ‘അച്ഛനെ ഞാന്‍ കൊന്നതാണ്, മരത്തില്‍ നിന്നു വീണ് മരിച്ചതാണെന്ന് വിശ്വസിപ്പിച്ചു’’. ഒന്നരവര്‍ഷം മുമ്പു നടന്ന കൊലപാതകത്തിന്‍റെ ചുരുള്‍ അവിടെ അഴിയുകയായിരുന്നു.

ഈ കുറ്റകൃത്യം അറിഞ്ഞിട്ടും മൂടിവച്ച ഒരാള്‍ ബാബുവിന്‍റെ ഭാര്യയായിരുന്നു. അതായത്, ബാലുവിന്‍റെ അമ്മ. ബാലു അച്ഛനെ ഉപദ്രവിക്കുന്നത് അയല്‍വാസികളില്‍ ഒരാള്‍ കണ്ടിരുന്നു. പക്ഷേ, ഇക്കാര്യം തുറന്നുപറയാന്‍ ധൈര്യമുണ്ടായില്ല. ബൈക്ക് മോഷണക്കേസില്‍ പിടിക്കപ്പെട്ട ശേഷം മകന്‍ ബാലുതന്നെ അച്ഛനെ കൊന്ന വിവരം പൊലീസിനോട് പറഞ്ഞുവെന്ന് അറിഞ്ഞപ്പോഴാണ് അയല്‍വാസി സാക്ഷിമൊഴിനല്‍കിയത്.

ബാബുവിന്‍റെ മൃതദേഹം ദഹിപ്പിച്ച നിലയ്ക്കു ഇനി റീ പോസ്റ്റ്മോര്‍ട്ടം നടക്കില്ല. മരത്തില്‍ നിന്നു വീണുണ്ടാകുന്ന തരം മുറിവുകളല്ല തലയില്‍ കണ്ടതെന്ന് രേഖകള്‍ സഹിതം ഡോക്ടര്‍മാരുടെ മൊഴിയെടുക്കാനാണ് പൊലീസിന്‍റെ പദ്ധതി. ഒപ്പം, അയല്‍വാസിയുടെ മൊഴി കൂടിയാകുമ്പോള്‍ കുറ്റകൃത്യം തെളിയിക്കാമെന്ന് പൊലീസ് കരുതുന്നു. വീടു പണിയ്ക്കു ഉപയോഗിക്കുന്ന മരപ്പലക ഉപയോഗിച്ചാണ് അച്ഛന്‍റെ തലയില്‍ ഒന്നിലേറെ തവണ അടിച്ചത്. മദ്യപിച്ച് വരുന്ന അച്ഛന്‍ നിരന്തരം വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നു. ഇതിന്റെ പകയാണ് കൊലയ്ക്കു കാരണം. ചാലക്കുടി പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.