ഉപതിരഞ്ഞെടുപ്പിൽ പാലായില്‍ ഏറ്റുവാങ്ങിയ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച അനിശ്ചിതത്വത്തിന് യുഡിഎഫ് വിരാമമിടുന്നു. മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നതിനാൽ ബാക്കി നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കോൺഗ്രസിൽ ധാരണയായതെന്നാണ് വിവരം.

ഇതുപ്രകാരം വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍ കുമാർ സ്ഥാനാര്‍ത്ഥിയാകം. എറണാകുളത്ത് ടിജെ വിനോദും കോന്നിയിൽ മോഹൻരാജും, അരൂരിൽ ഷാനിമോൾ ഉസ്മാനും സ്ഥാനാർത്ഥിയാവും. തന്റെ വിശ്വസ്തനായ റോബിന്‍ പീറ്ററിനെ കോന്നിയിലെ സ്ഥാനാര്‍ത്ഥിയായി അടൂര്‍ പ്രകാശ് നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെയും പ്രാദേശിക നേതാക്കളുടേയും എതിർപ്പ് മറികടന്നാണ് മോഹൻരാജിനെ സ്ഥാനാർത്ഥിയാക്കിയത്.

പീതാംബരക്കുറുപ്പിനെ പരിഗണിച്ചിരുന്ന വട്ടിയൂർകാവിൽ പക്ഷേ പ്രാദേശിക നേതൃത്വം ഇതിനെതിരെ രംഗതെത്തിയതോടെ നേതൃത്വം മാറ്റി ചിന്തിക്കുകയായിരുന്നു. ഇതോടൊണ് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ മോഹൻകുമാറിനെ മുരളീധരന്റെ വട്ടിയൂർക്കാവ് നിലനിർത്താൻ ഇറക്കുന്നത്. അരുരിൽ ഷാനിമോള്‍ ഉസ്മാനെ തന്നെയായിരുന്നു ആദ്യം മുതൽ യുഡിഎഫ് പരിഗണിച്ചിരുന്നത്. എറണാകുളത്ത് ടിജെ വിനോദിന്റെ സ്ഥാനാർത്ഥിത്വത്തിലും നേരത്തെ ധാരണയിലെത്തിയിരുന്നു.

യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും ധാരണയായെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച ചിത്രവും പൂർണമാവുകയാണ്. ഇടത് സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം മേയർ വികെ പ്രശാന്ത് വട്ടിയൂർക്കാവിലും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി പുളിക്കൽ അരൂരും കെയു ജിനേഷ് കുമാർ കോന്നിയിലും ഇടത് സ്ഥാനാർത്ഥികളാവും. ഇടതു സ്വതന്ത്രനായ മനു റോയിയാണ് എറണാകുളത്തെ പ്രതിനിധീകരിക്കുക. മഞ്ചേശ്വരത്ത് ജില്ല കമ്മിറ്റി അമഗം ശങ്കർ റെയും നിയോഗിച്ച് നേരത്തെ തന്നെ എല്‍ഡിഎഫ് കളം പിടിച്ചിരുന്നു. എൻഡിഎ സ്ഥാനാർത്ഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.