ഇന്ത്യക്കാരുടെ ഇഷ്ടഭക്ഷണം ആണ് ബിരിയാണി .ബിരിയാണിയുടെ മണം കേട്ടാല്‍ തന്നെ നാവില്‍ കപ്പല്‍ ഓടും. പക്ഷെ ഇതൊന്നും യു കെയില്‍ പറ്റില്ല. ബിരിയാണി മണം പരക്കുന്നത് മറ്റുള്ളവര്‍ക്ക് ശല്യം ആയെന്നു കാണിച്ചു ഹോട്ടലുടമകളായ ഇന്ത്യൻ ദമ്പതിമാർക്ക് യു.കെ കോടതി പിഴയിട്ടു.
അയൽ വാസികളുടെ പരാതിയെ തുടർന്നാണ് പിഴ ഇൗടാക്കിയത്. ലണ്ടനിലെ ഖുശി ഇന്ത്യൻ ബുഫേ റസ്റ്റോറൻറ് ഉടമകളായ ഷബാനക്കും മുഹമ്മദ് ഖുശിക്കുമാണ് പിഴ ശിക്ഷ ലഭിച്ചത്. പഞ്ചാബി ഭക്ഷണങ്ങളാണ് ഇവിടെ ഉണ്ടാക്കുന്നത്. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന റസ്റ്റോറൻറിൽ നിന്ന് ബിരിയാണിയുടെയും കറികളുടെയും രൂക്ഷ ഗന്ധം പരക്കുന്നുവെന്നാണ് പരാതി. മസാലകൾ ചേർന്ന വായു വസ്ത്രങ്ങളിലെല്ലാം പറ്റിപ്പിടിക്കുന്നതിനാൽ ഇടയ്ക്കിടെ വസ്ത്രങ്ങൾ കഴുകേണ്ട അവസ്ഥ ഉണ്ടാകുന്നുവെന്നും ചില അയൽവാസികൾ പരാതി നൽകിയിരുന്നു.
റസ്റ്റോറൻറിന് ഉചിതമായ ഫിൽട്ടറേഷൻ സംവിധാനമില്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ഉടമസ്ഥർ പിഴയടക്കണമെന്നും വിധിച്ചു. ഇരുവരും 258 പൗണ്ട് വീതമാണ് പിഴയടക്കേണ്ടത്.എന്നാൽ മുമ്പ് പൊതു മദ്യശാലയായിരുന്ന കെട്ടിടത്തിലാണ്റസ്റ്റോറൻറ് പ്രവർത്തിക്കുന്നത്. അതിനാൽ പുതിയ അനുമതി വേണ്ടിയിരുന്നില്ല. അതുകൊണ്ടാണ് ഫിൽട്ടറുകൾ വേണ്ടതിനെ കുറിച്ച് ഇവർ അറിയാതിരുന്നതെന്ന് ഹോട്ടലുടമകൾക്ക്വേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചു. ഏഷ്യൻ റെസ്റ്റോറൻറുകൾക്ക് അടുക്കള തയാറാക്കി നൽകുന്ന കമ്പനിയാണ് ഇൗ കടക്കും അടുക്കള ശരിയാക്കിയത്. അതിനാൽ ശരിയായ രീതിയിലാണ് ഇവ പ്രവർത്തിക്കുന്നതെന്ന് കരുതിയതായും ഉടമകൾക്ക് വേണ്ടി വക്കീൽ കോടതിയെ അറിയിച്ചു. അതേസമയം കറികളുടെ മണം തങ്ങൾക്ക് പ്രശ്നമുണ്ടാക്കുന്നില്ലെന്ന് പ്രദേശത്തെ മറ്റു ചില ബിസിനസുകാർ ജഡ്ജിയെ അറിയിച്ചിരുന്നു.
എന്നാൽ നല്ല അയൽക്കാരാകാനാണ് തങ്ങൾ ശ്രമിച്ചതെന്നും വളരെക്കുറച്ചുപേർ തങ്ങളെ വേട്ടയാടുകയായിരുന്നുവെന്നും ഉടമകളിലൊരാളായ ഷബാന പറഞ്ഞു. ഭൂരിപക്ഷം പേർക്കും കറികളുടെ മണംകൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. റെസ്റ്റോറൻറിൽ കയറുന്നതുവരെ അവർ ഇത്തരം ഗന്ധങ്ങൾ അറിയുന്നുപോലുമില്ലെന്നും ഷബാന പറഞ്ഞു.
Leave a Reply