ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തിനിടെ ഓക്ഷണര്‍ ചാരു ശര്‍മയ്ക്കു സംഭവിച്ച പിഴവില്‍ മുംബൈ ഇന്ത്യന്‍സിനു നഷ്ടമാക്കിയത് ഒരു ഇന്ത്യന്‍ പേസറെ. ഇന്ത്യന്‍ യുവതാരം ഖലീല്‍ അഹമ്മദിനായി ഏറ്റവും കൂടുതല്‍ തുക വിളിച്ചത് മുംബൈ ഇന്ത്യന്‍സ് ആയിരുന്നു. എന്നാല്‍ താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനു നല്‍കി ചാരു ശര്‍മ ലേലം പൂര്‍ത്തിയാക്കുകയായിരുന്നു.

ഈ പിഴവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.ഖലീലിനു വേണ്ടി വാശിയേറിയ മത്സരമാണ് ഡല്‍ഹിയും മുംബൈയും നടത്തിയത. ഇരുകൂട്ടരും മത്സരിച്ചു ലേലം വിളിച്ചതോടെ 50 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഖലീലിന്റെ വില അഞ്ചു കോടിയില്‍ എത്തി. ഡല്‍ഹിയാണ് ഈ തുക ലേം വിളിച്ചത്.

ഉടന്‍ തന്നെ മുംബൈ 25 ലക്ഷം കൂട്ടിവിളിച്ചു. ഇതോടെ വില 5.25 കോടിയായി ഉയര്‍ന്നു. വീണ്ടും വിലകൂട്ടി വിളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി ചര്‍ച്ച ചെയ്യാന്‍ സമയം ചോദിക്കുകയും പിന്നീട് അതു പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഡല്‍ഹിയാണ് ഖലീലിന് 5.25 കോടി വിളിച്ചതെന്നു തെറ്റിദ്ധരിച്ച ചാരു ശര്‍മ ഒടുവില്‍ ആ തുകയ്ക്കു ഖലീലിനെ ഡല്‍ഹിക്കു വിട്ടുനല്‍കുകയായിരുന്നു.

മുംബൈ ടീം ക്യാമ്പിലുണ്ടായിരുന്ന ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന്‍ ഇതുമായി ബന്ധപ്പെട്ടു സംശയം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പിന്നീട് ചര്‍ച്ചകളൊന്നും ഉണ്ടാകാതെ ലേലം പൂര്‍ത്തിയാക്കുകയായിരുന്നു. ഇതോടെ 5.25 കോടിക്ക് മുംബൈയില്‍ എത്തേണ്ടിയിരുന്ന ഖലീല്‍ അതേ വിലയ്ക്ക് ഡല്‍ഹിയിലേക്കു പോയി.