സ്വന്തം ലേഖകന്‍

ബെര്‍മ്മിംഗ്ഹാം : യുകെ മലയാളികള്‍ക്ക് അഭിമാനമായി ബെര്‍മ്മിംഗ്ഹാമിലെ ചാരിറ്റി കൂട്ടായ്മ മാറുന്നു. ഫാ. ഡേവിസ് ചിറമേല്‍ അച്ചന്‍ നടത്തുന്ന കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് ബെര്‍മ്മിംഗ്ഹാമില്‍ നടത്തപ്പെടുന്ന ഈ സ്നേഹ കൂട്ടായ്മ കേരളത്തിലെ അനേകം കിഡ്നി രോഗികള്‍ക്ക് ആശ്വാസമായി മാറുകയാണ്. ചിറമേലച്ചന്‍ നിര്‍ദ്ദേശിക്കുന്ന പാവപ്പെട്ടവരായ അഞ്ചോളം കിഡ്നി രോഗികളുടെ കിഡ്നി മാറ്റിവയ്ക്കുന്നതിന് ചിലവാകുന്ന തുക കണ്ടെത്തുക, അര്‍ഹരായ രോഗികള്‍ക്ക് സൌജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുക എന്നീ രണ്ട് ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ജൂണ്‍ 25 ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് ബെര്‍മിംഗ്ഹാമിലെ സെന്റ് ഗില്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്ന ചാരിറ്റി കൂട്ടായ്മ യുകെ മലയാളികള്‍ക്ക് അഭിമാനിമായി മാറുകയാണ്.

ബെര്‍മ്മിംഗ്ഹാമിലെ ഹാര്‍ട്ട്‌ലാന്റ് ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിന്റെ മാനേജര്‍ ആയ പ്രിന്‍സ് ജോര്‍ജ്ജിന്റെയും സുഹൃത്തുക്കളുടെയും ശ്രമഫലമായി ലഭിച്ച ഇരുപത്തിയഞ്ചോളം ഡയാലിസിസ് മെഷീനുകള്‍ മലയാളം യുകെയുടെ ചാരിറ്റിയിലൂടെ ചിറമേലച്ചന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന് എത്തിച്ചു കൊടുത്തുകൊണ്ടായിരുന്നു ഈ സഹോദരങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മലയാളം യുകെ ഓണ്‍ലൈന്‍ ന്യുസ് പേപ്പറിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കോഡിനേറ്ററായ ജിമ്മി മൂലംകുന്നം ആണ് ഈ മെഷീനുകള്‍ ഷിപ്പ് കാര്‍ഗോയിലൂടെ നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ മുഴുവന്‍ തുകയും കണ്ടെത്തി പ്രിന്‍സ് ജോര്‍ജ്ജിനെ സഹായിച്ചത്.

ചിറമേലച്ചന്റെ നിര്‍ദ്ദേശപ്രകാരം കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ സഹായിക്കുവാന്‍ വേണ്ടി മാത്രം ബെനിഫാക്റ്റേഴ്സ് ഫോറം യുകെ എന്ന ചാരിറ്റി സംഘടനയ്ക്കും ഞായറാഴ്ച  രൂപം നല്‍കും. ഈ ചാരിറ്റിയിലൂടെ കണ്ടെത്തുന്ന ഫണ്ട് ചിറമേലച്ചന്റെ കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് നേരിട്ട് കൈമാറികൊണ്ട് ഈ തുക മറ്റ് രീതിയില്‍ ചിലവഴിക്കപ്പെടില്ല എന്ന് ഈ സംഘടന ഉറപ്പ് വരുത്തും. അതോടൊപ്പം രോഗികള്‍ക്ക് ചികിത്സ ചിലവുകളില്‍ ഇളവ് ലഭിക്കുവാനുള്ള അവസരവും ഒരുക്കുന്നതായിരിക്കും. ഡയാലിസിസ്  ചെയ്യുവാന്‍ സാമ്പത്തികമായി കഴിവില്ലാത്ത അര്‍ഹരായ രോഗികള്‍ക്ക് മാത്രമേ ഈ ചാരിറ്റിയിലൂടെ സമാഹരിക്കുന്ന തുക നല്‍കുകയുള്ളൂ. ഇതിനോടകം ചികിത്സ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് അനേകം ആളുകളാണ് പ്രിന്‍സ് ജോര്‍ജ്ജുമായും മലയാളം യുകെയുമായി ബന്ധപ്പെട്ടിരിക്കുന്നത്. എന്നാല്‍ ജാതിമത പരിഗണനകള്‍ക്ക് പ്രാധാന്യം നല്‍കാതെ ചിറമേലച്ചന്‍ തെരെഞ്ഞെടുക്കുന്ന രോഗികള്‍ക്ക് മാത്രയിരിക്കും ഈ ചാരിറ്റിയുടെ ചികിത്സ സഹായം നല്‍കുക.

യുകെയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ബെര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മൂണിറ്റിയുടെ ( ബി സി എം സി ) ആതിഥേയത്വത്തില്‍ ആറോളം അസ്സോസ്സിയേഷനുകളാണ് ഈ മഹനീയ കര്‍മ്മത്തിന് വേണ്ടി ചാരിറ്റി കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. സര്‍ട്ടന്‍ കോള്‍ഡ്‌ ഫീല്‍ഡ് അസ്സോസ്സിയേഷന്‍, കേരള കലാവേദി നോര്‍ത്ത് ഫീല്‍ഡ്, കൊവന്റ്രി കേരള കമ്മ്യുണിറ്റി, മിഡ്‌ലാന്‍ഡ്‌ കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ വാള്‍സാള്‍, ബെര്‍മ്മിംഗ്ഹാം ഹിന്ദു സമാജം എന്നീ അസ്സോസ്സിയേഷനുകള്‍ ചേര്‍ന്നാണ് ബെര്‍മിംഗ്ഹാമില്‍ ഇങ്ങനെ ഒരു കാരുണ്യ കൂട്ടായ്മക്ക് തുടക്കം കുറിക്കുന്നത്. ഈ കൂട്ടായ്മയുടെ സദുദ്ദേശം മനസ്സിലാക്കി അനേകം മലയാളി കുടുംബങ്ങള്‍ ആണ് ഈ ചാരിറ്റിയുമായി സഹകരിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.

ബെര്‍മിംഗ്ഹാമിലെ  സെന്റ് ഗില്‍സ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടുന്ന ഈ ചാരിറ്റി വിജയിപ്പിക്കുവാന്‍ വേണ്ടി വലിയ ക്രമീകരണങ്ങള്‍ ആണ് ഈ അസ്സോസ്സിയേഷനുകള്‍ നടത്തിയിരിക്കുന്നത്. ഇതിനോടകം മുന്നൂറോളം ടിക്കറ്റുകള്‍ ആണ് അവര്‍ ഈ ചാരിറ്റിക്ക് വേണ്ടി വിറ്റഴിച്ചത്. യുകെയിലുള്ള അനേകം വ്യക്തികളും, കൂട്ടായ്മകളുമാണ് സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന ഈ മഹത്തായ കാരുണ്യപ്രവര്‍ത്തിയില്‍ പങ്ക് ചേരാന്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. മഹാമനസ്ക്കരായ ഓരോ യുകെ മലയാളികളിയുടെയും സാന്നിധ്യവും സഹകരണവും ഈ ജീവകാരുണ്യ കൂട്ടായ്മക്ക് ഉണ്ടാവണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം കേരളത്തിലുള്ള നൂറുകണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമാകുന്ന ഈ ചാരിറ്റിക്ക് തുടര്‍ന്നും മലയാളം യുകെയുടെ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ ചാരിറ്റി നടക്കുന്ന ഹാളിന്റെ അഡ്രെസ്സ് താഴെ കൊടുക്കുന്നു.

St Giles’ Church hall

149 Church Rd, Birmingham B26 3TT

25th JUNE 2017

AT 5 PM