ഷിബു മാത്യൂ.
നിത്യജീവനുവേണ്ടി നീ എന്താണ് സമ്പാദിക്കുന്നത്?? ഏത് ആത്മാവാണ് നിന്നില്‍ വസിക്കുന്നത്? മിശിഹായുടെ ആത്മാവില്ലാത്തവന്‍ മിശിഹായ്ക്കുള്ളതല്ല. നീ ഈശോയുടെ ശരീരത്തിന്റെ ഭാഗമായി ജീവിക്കണം. പന്തക്കുസ്താ തിരുനാള്‍ ശുശ്രൂഷയിലെ ദിവ്യബലി മദ്ധ്യേ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്.

പന്തക്കുസ്താ തിരുനാളിനൊരുക്കമായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ പത്ത് ദിവസത്തെ വചന ധ്യാനവും അഭിഷേകാരാധനയും മെയ് പതിമൂന്ന് വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ സൂം മിലാണ് ധ്യാനം നടന്നു കൊണ്ടിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ഏഴ് മണിക്ക് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്ന വചന സന്ദേശം 9.00 മണിക്ക് അഭിഷേകാരാധയും ആശീര്‍വാദത്തോടും കൂടെയാണ് അവസാനിച്ചിരുന്നത്. മെയ് പതിമൂന്ന് മുതല്‍ ആരംഭിച്ച ധ്യാനത്തിന് വചന സന്ദേശം നല്‍കിയത്
റവ. ഫാ. ജോസഫ് എടാട്ട് VC ഡിവൈന്‍ ധ്യാനകേന്ദ്രം മുരിങ്ങൂര്‍, റവ. ഡോ. ആന്റണി പറങ്കിമാലില്‍ VC വിന്‍സഷ്യന്‍ ധ്യാനകേന്ദ്രം ഉഗാണ്ട, എന്നിവരെ കൂടാതെ രൂപതയിലെ ബഹുമാനപ്പെട്ട വൈദീകരായ ഫാ. തോമസ് അറത്തില്‍ MST, ഫാ. ടോമി എടാട്ട്, ഫാ. ജോസ് മൂലെച്ചേരി VC, ഫാ. ജോസ് അന്തിയാകുളം MCBS, മോണ്‍. ആന്റണി ചുണ്ടെലിക്കാട്ട്,റവ സി. ആന്‍മരിയ SH എന്നിവരാണ്.
ഒരുക്ക ദിവസമായി 24 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന ശനിയാഴ്ച്ച രാവിലെ 6 മണി മുതല്‍ ഞായറാഴ്ച്ച രാവിലെ 6 മണി വരെ നടന്നു. ഒമ്പതാം ദിവസമായ ശനിയാഴ്ച്ച വൈകിട്ട് 7.30ന് പ്രശസ്ത യുവജന ധ്യാനഗുരു
ഫാ. ബിനോജ് മുളവരിക്കല്‍ വചന സന്ദേശം നല്‍കി.
സമാപന ദിവസമായ ഇന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ച് വിശ്വാസി സമൂഹത്തിന് സന്ദേശം നല്‍കി. തുടര്‍ന്ന് അഭിഷേകാരാധന നടന്നു. സമാപനാശീര്‍വാദത്തോടെ പന്തക്കുസ്താ തിരുനാളിന്റെ ശുശ്രൂഷകള്‍ അവസാനിച്ചു.
സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.