ഷിക്കാഗോ: വിലയില്‍ വീണ്ടും വന്‍ കുതിച്ചുകയറ്റവുമായി ബിറ്റ്‌കോയിന്‍ അവധിവ്യാപാരത്തിനു തുടക്കം. ഷിക്കാഗോ ബോര്‍ഡ് ഓപ്ഷന്‍സ് എക്‌സ്‌ചേഞ്ചിലാണ്(സിബിഒഇ) ഇന്നലെ ആദ്യമായി ബിറ്റ്‌കോയിന്‍ അവധിവ്യാപാരം തുടങ്ങിയത്. ജനുവരിയില്‍ അവസാനിക്കുന്ന അവധിവ്യാപാര കരാറുകള്‍ 17,450 ഡോളറിലും ഫെബ്രുവരിയിലേത് 18,880ഡോളറിലും മാര്‍ച്ചിലേത് 19040 ഡോളറിലുമാണ് വ്യാപാരം നടന്നത്.
സ്‌പോട് വിപണിയില്‍ നിലവില്‍ വില 16500 ഡോളറിനടുത്ത് ആയിരിക്കുമ്പോഴാണ് ഇത്രയും ഉയര്‍ന്ന പ്രീമിയത്തില്‍ അവധിവ്യാപാരം നടക്കുന്നത്. തുടക്കത്തില്‍ ജനുവരിയിലെ കരാറുകള്‍ 25 ശതമാനത്തോളം ഉയര്‍ന്നതിനെത്തുടര്‍ന്ന്, വിപണികളിലെ വന്‍ ചാഞ്ചാട്ടം തടയുന്നതിനുള്ള ഉപാധിയായ സര്‍ക്കീട്ട് ബ്രേക്കറുകള്‍ പ്രകാരം രണ്ടുതവണ വ്യാപാരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
അവധിവ്യാപാരം തുടങ്ങിയത് ഡിജിറ്റല്‍ കറന്‍സികള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കുന്നതിലേക്കു നയിക്കുമെന്ന് ഒരു വിഭാഗം നിക്ഷേപകര്‍ കരുതുമ്പോള്‍ ബിറ്റ്‌കോയിന്‍ കുമിളയാണെന്നും പൊട്ടിത്തകരുമെന്ന മുന്നറിയിപ്പുമായി കൂടുതല്‍ കേന്ദ്രബാങ്കുകള്‍ രംഗത്തെത്തിയിട്ടുണ്ട്, ന്യൂസിലാന്‍ഡിലെ കേന്ദ്രബാങ്ക് ബിറ്റ്‌കോയിന്‍ കുമിളയാണെന്നു പറഞ്ഞപ്പോള്‍, യൂറോപ്യന്‍ കേന്ദ്രബാങ്കും ദക്ഷിണകൊറിയയും ബിറ്റ്‌കോയിനു കൃത്യമായ നിയന്ത്രണങ്ങളില്ലാത്തതില്‍ ആശങ്ക പ്രകടിപ്പിച്ചു.
Leave a Reply