കണ്ണൂരില്‍ കാവി ഭീകരത മറ നീക്കിപ്പുറത്തുവരുന്നു. ഇന്നലെ കൂത്തുപറമ്പില്‍ നടന്ന ബി.ജെ.പിയുടെ ജനരക്ഷായാത്രയുടെ റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നിറഞ്ഞാടിയത്.

‘ഒറ്റക്കൈയാ ജയരാജാ… ഒറ്റക്കൈയാ ജയരാജാ… മറ്റേക്കയ്യും കാണില്ല… എന്നാണ് ബിജെപി അണികള്‍ മുദ്രാവാക്യം മുഴക്കിയത്. ഇത് തല്‍സമയം ബി.ജെ.പി സംസ്ഥാന നേതാവ് വി.മുരളീധരന്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കണ്ണൂരില്‍ ജാഥാ പര്യടനത്തില്‍ ഉടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നതെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയോ അല്ലെങ്കില്‍ ജാഥ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയോ ചെയ്യാനാണ് സി.പി.എം നീക്കമെന്നാണ് ലഭിക്കുന്ന വിവരം. പി ജയരാജന് മുമ്പ് ബിജെപിക്കാരുടെ ആക്രമണത്തിലാണ് വലതുകൈ നഷ്ടപ്പെടുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചടി നേരിട്ട റാലിയില്‍ ഇന്നലെ കൂത്തുപറമ്പില്‍ നടന്ന പൊതുയോഗത്തിലും ആളുകള്‍ നന്നെ കുറവായിരുന്നു. ഇതിന് ശേഷം നടന്ന റാലിയിലാണ് കണ്ണൂരിലെ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ പി.ജയരാജന്റെ കൈ വെട്ടുമെന്ന് മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയത്.

റാലിയുടെ ലൈവ് സംപ്രേക്ഷണം നടത്തിയത് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ വി.മുരളീധരനാണെന്നത് സംഭവത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. അക്രമം ഇല്ലാതാക്കലാണോ അക്രമം നടത്തലാണോ റാലിയുടെ ഉദ്ദേശമെന്ന് പലരും വിമര്‍ശനമുന്നയിക്കുന്നുണ്ട്.