ബെംഗളൂരു: വിവാദ പ്രസ്താവന നടത്തി കര്‍ണാടകയിലെ ബിജെപി മന്ത്രി. ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങള്‍ പാക്കിസ്ഥാനെ സ്‌നേഹിക്കുന്നവരാണെന്നും അവര്‍ രാജ്യസ്‌നേഹത്തിന് എതിരാണെന്നും കര്‍ണാടകയിലെ ഗ്രാമ വികസന വകുപ്പ് മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ.എസ്.ഈശ്വരപ്പ പറഞ്ഞു.

രാജ്യസ്‌നേഹമുള്ള മുസ്ലീങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യും. എന്നാല്‍ രാജ്യസ്‌നേഹമില്ലാത്ത, പാക്കിസ്ഥാന്‍ പക്ഷം പിടിക്കുന്ന മുസ്ലീങ്ങള്‍ ബിജെപിയെ എതിര്‍ക്കും ഈശ്വരപ്പ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളെ ഹിജഡകള്‍ എന്നും ഈശ്വരപ്പ പ്രസംഗത്തിനിടയില്‍ വിശേഷിപ്പിച്ചു. “തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തും മുന്‍പ് ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ താല്‍പര്യം കാണിച്ചു. എന്നാല്‍, 50,000 മുസ്ലീങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യില്ലെന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നും അവര്‍ ഭയപ്പെട്ടു. അടിയ്ക്കടി വാക്കുമാറുന്ന ഇവര്‍ക്ക് ഹിജഡകളുടെ സ്വഭാവമാണ്” – വിവാദ പ്രസംഗത്തില്‍ ഈശ്വരപ്പ പറഞ്ഞു.

 

ഏതെങ്കിലും ഒരു സമൂഹത്തെയോ മതവിഭാഗത്തെയോ സന്തോഷിപ്പിക്കാനോ തൃപ്തിപ്പെടുത്താനോ താന്‍ ശ്രമിച്ചിട്ടില്ലെന്നും എന്നാല്‍, അവരുടെയൊക്കെ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചെന്നും ഈശ്വരപ്പ പ്രസംഗത്തിനിടെ പറഞ്ഞു.

ഇതിനു മുന്‍പും നിരവധി വിവാദ പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള നേതാവാണ് ഈശ്വരപ്പ. ബിജെപിയില്‍ വിശ്വാസമില്ലാത്ത മുസ്ലീങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് ഈശ്വരപ്പ പറഞ്ഞിരുന്നു. ഇതും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. ഇപ്പോള്‍ മന്ത്രി നടത്തിയിരിക്കുന്ന ഹിജഡ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം മന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.