ഒരേ കമ്പനിയിലെ 500 ഇന്ത്യന്‍ ജീവനക്കാര്‍ കോടീശ്വരന്മാരായിരിക്കുന്നു! ഇന്ത്യന്‍ വംശജരുടെ ഉടമസ്ഥതയിലുള്ള ബഹുരാഷ്ട്ര സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഫ്രെഷ്‌വര്‍ക്ക്‌സിലെ ജീവനക്കാരാണ് കണ്ണുചിമ്മി തുറക്കുന്ന വേഗത്തില്‍ കോടിപതികളായത്. യുഎസ് ഓഹരിവിപണിയായ നസ്ഡാഖില്‍ കമ്പനി ലിസ്റ്റ് ചെയ്യപ്പെട്ടതായിരുന്നു എല്ലാത്തിനും തുടക്കം. 36 ഡോളറിന്(ഏകദേശം 2,665 രൂപ) ലിസ്റ്റ് ചെയ്തു തുടങ്ങിയ ഓഹരി ഒറ്റയടിക്ക് 43.5 ഡോളറി(ഏകദേശം 3,221)ലേക്ക് കുതിക്കുകയായിരുന്നു. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 12.2 ബില്യന്‍ ഡോളറായി(ഏകദേശം 90,336 കോടി രൂപ) ഉയര്‍ന്നിരിക്കുകയാണ്.

ജീവനക്കാര്‍ക്കായുള്ള ഓഹരി ഉടമസ്ഥാവകാശ പദ്ധതിയായ എംപ്ലോയീ സ്‌റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാനി(ഇഎസ്ഒപി)ന്റെ ഭാഗമായ ജീവനക്കാരാണ് ഇപ്പോള്‍ കോടീശ്വരന്മാരായിരിക്കുന്നത്. ഇതില്‍ 500 ഇന്ത്യന്‍ ജീവനക്കാരും ഉള്‍പ്പെടും. ഇവരില്‍ 70 ശതമാനം പേരും 30 വയസിനു താഴെ പ്രായമുള്ളവരാണെന്നതാണ് ഏറെ കൗതുകകരം!

ഇന്റര്‍നെറ്റ് വഴി സോഫ്റ്റ്‌വെയര്‍ സേവനം നല്‍കുന്ന ‘സോഫ്റ്റ്‌വെയര്‍ എസ് എ സര്‍വീസ്'(സാസ്) കമ്പനിയാണ് ഫ്രെഷ്‌വര്‍ക്ക്‌സ്. ഗിരീഷ് മാതൃഭൂതമാണ് സ്ഥാപകന്‍. യുഎസിലെ സിലിക്കണ്‍വാലിയിലടക്കം ഓഫിസുണ്ട് ഫ്രെഷ്‌വര്‍ക്ക്‌സിന്. വിവിധ രാഷ്ട്രങ്ങളിലായി ആകെ 4,300 ജീവനക്കാരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. 2010ല്‍ ആറുപേരുമായി ചെന്നൈയില്‍ തുടക്കം കുറിച്ചതാണ് ഫ്രെഷ്‌വര്‍ക്ക്‌സ്. നസ്ഡാഖില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ സാസ് കമ്പനിയും ഫ്രെഷ്‌വര്‍ക്ക്‌സ് തന്നെ.