കൊച്ചി: പാര്‍ട്ടിയെ കേരളത്തിലെ മതന്യൂനപക്ഷങ്ങളുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കൊച്ചിയിലെത്തും. ഇതിന് മുന്നോടിയായി കേരളത്തിലെ പ്രധാനപ്പെട്ട ക്രൈസ്തവ സഭാദ്ധ്യക്ഷന്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കും ബിജെപി സംസ്ഥാന നേതൃത്വം അരങ്ങൊരുക്കിക്കഴിഞ്ഞു. നാളെ കൊച്ചിയിലെത്തുന്ന അമിത് ഷായുമായി ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ കൂടിക്കാഴ്ചയാണ് സഭാ സ്ഥാപനമായ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വെച്ച് ഒരുക്കിയിരിക്കുന്നത്.
സീറോ മലബാര്‍ സഭാധ്യക്ഷനെയും ലത്തീന്‍ കത്തോലിക്കാ സഭാ മേധാവിയെയും കൂടിക്കാഴ്ചയ്ക്കായി ബിജെപി നേതൃത്വം പ്രത്യേകം ക്ഷണിച്ചു കഴിഞ്ഞു. ഇതിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ തന്നെ നേരിട്ടാണ് ബിഷപ്പ് ഹൗസുകളില്‍ പോയി സഭാ മേധാവികളെ ക്ഷണിച്ചിരിക്കുന്നത്. കൂടാതെ ബിജെപിയിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള പ്രമുഖ വ്യക്തിത്വങ്ങളുമായും അമിത് ഷാ കേരളത്തില്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് ബിജെപി നേതൃത്വം നല്‍കുന്ന സൂചന.
സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന് അന്ത്യം കുറിക്കുക എന്ന ദൗത്യവുമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശനമെന്നാണ് കേരളത്തിന്റെ ചുമതലയുളള ബിജെപി സെക്രട്ടറിയായ എച്ച്. രാജ പറഞ്ഞത്. പശ്ചിമബംഗാളിലുണ്ടായ പതനത്തിന് സമാനമായി കേരളത്തിലും കമ്മ്യൂണിസ്റ്റ് അടിത്തറ പാടെ തകരാന്‍ പോകുകയാണെന്നും അതിന്റെ സൂചനയാണ് ബിജെപിക്കെതിരെ അവര്‍ നടത്തുന്ന അക്രമമെന്നും രാജ പറഞ്ഞു.
Leave a Reply