ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കഴക്കൂട്ടത്ത് സർപ്രൈസുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ആരായിരിക്കും സ്ഥാനാർത്ഥിയെന്ന് ചൂട് പിടിച്ച് ചർച്ചകൾ. ബിജെപിയുടെ ഏജന്റുമാർ കോടികൾ വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതായി കോൺഗ്രസ് നേതാവും കഴക്കൂട്ടം മുൻ എംഎൽഎയുമായ എംഎ വാഹിദ് വെളിപ്പെടുത്തുകയും ചെയ്തതോടെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ അപ്രതീക്ഷിതമായിരിക്കും എന്ന് തന്നെയാണ് കണക്കുകൂട്ടലുകൾ.
തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കാമെന്നും സംസ്ഥാനത്തെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിപ്പിക്കാമെന്നും ഏജന്റുമാർ വാഗ്ദാനം ചെയ്തതായി വാഹിദ് സ്വകാര്യ മാധ്യമത്തോടാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കളെ വല വീശിപ്പിടിക്കാനായി ബിജെപി നേതാക്കൾ പ്രത്യക്ഷമായി രംഗത്തിറങ്ങുന്നില്ല. പകരം ഏജന്റുമാരെ നിയോഗിച്ചിരിക്കുകയാണെന്നും കോൺഗ്രസിലെ പ്രധാനപ്പെട്ട നേതാക്കളെ ബിജെപി ലക്ഷ്യമിടുന്നുവെന്നും വാഹിദ് വ്യക്തമാക്കി. താൻ ബിജെപിയിലേക്കില്ല എന്നകാര്യം അറുത്തുമുറിച്ച് പറഞ്ഞതായും വാഹിദ് വെളിപ്പെടുത്തി.
‘അതൃപ്തരായ നേതാക്കളെയാണ് പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്. ഒരിക്കൽ മാത്രമെ താൻ പാർട്ടിയ്ക്ക് എതിരെ നിന്നിട്ടുള്ളു. അത് 2001ലാണ്. അതിൽ ഇന്നും പശ്ചാത്താപമുണ്ട്. ഒരിക്കൽ കൂടി അത്തരം ഒരു അവസ്ഥയിലേക്ക് എത്താൻ ആഗ്രഹിക്കുന്നില്ല’- വാഹിദ് വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ച ശോഭ സുരേന്ദ്രനെ സംസ്ഥാന നേതൃത്വം തള്ളിയിരിക്കുകയാണ്. കോൺഗ്രസ് വിട്ടെത്തുന്ന പ്രമുഖനെ സ്ഥാനാർത്ഥിയാക്കാൻ കഴക്കൂട്ടം സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. നേരത്തെ കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരനെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം മത്സരിക്കേണ്ടതില്ലെന്ന തീരുമാനമാണ് കേന്ദ്രനേതൃത്വം എടുത്തത്. അതിന് പിന്നാലെയാണ് ശോഭസുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം നേതൃത്വം ഉന്നയിച്ചത്. എന്നാൽ സംസ്ഥാന നേതൃത്വം ഇക്കാര്യം തള്ളിക്കളയുകയായിരുന്നു.
ഇതിനിടെ, വാഹിദിന് പുറമെ കോൺഗ്രസ് നേതാവായ ശരത് ചന്ദ്രപ്രസാദിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ ഇദ്ദേഹം തള്ളിയിട്ടുണ്ട്. ”ഒരു നേതാവിന്റെയും ബഹുമാന്യരായ പിതാക്കന്‍മാരെ കണ്ട് കോണ്‍ഗ്രസായ ആളല്ല താന്‍. മഹാത്മാ ഗാന്ധി തന്റെ വികാരമാണ്. ഇന്ദിരാ ഗന്ധി പ്രചോദനവും കെ കരുണാകരന്‍ രാഷ്ട്രീയ ഗുരുവുമാണ്. അവരുടെ ചിന്തയാണ് തന്റെ ഹൃദയത്തിലുള്ളത്. ആര് പോയാലും അവസാനം വരെ തന്റെ ചോര ജീവന്‍തുടിക്കുന്ന കോണ്‍ഗ്രസാണ്. ശരീരത്തില്‍ വാരികുന്തം കുത്തിയിറക്കിയപ്പോഴും താന്‍ വിളിച്ചത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്, കെ എസ് യു സിന്ദാബാദ്” എന്നാണെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
Leave a Reply