മാത്യു ബ്ലാക്ക്പൂള്‍

മലയാളികളുടെ സ്വന്തം പൊന്നോണത്തെ വരവേല്‍ക്കാന്‍ ബ്ലാക്ക്പൂള്‍ മലയാളി കമ്യൂണിറ്റി പൊന്നോണം 2017 സെപ്റ്റംബര്‍ 16-ാം തിയതി ശനിയാഴ്ച വിവിധ കലാകായിക മത്സരങ്ങളും കലാപരിപാടികളും ഓണസദ്യയുമായി ആഘോഷിക്കുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 6 മണി വരെ ബ്ലാക്ക്പൂള്‍ സെന്റ് കെന്റികന്‍സ് ഹാളില്‍ വെച്ചാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. അത്തപ്പൂക്കളമൊരുക്കി ആര്‍പ്പുവിളികളുമായി ആഘോഷ പരിപാടികള്‍ ആരംഭിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധതരം ഗെയിം മത്സരങ്ങള്‍ നടത്തുന്നതാണ്. തുടര്‍ന്ന് ആവേശകരമായ വടംവലി മത്സരം നടക്കും.

ഉച്ചക്ക് നാടന്‍ വിഭവങ്ങള്‍ ഒരുക്കിയുള്ള വിഭവസമൃദ്ധമായ ഓണസദ്യ നടത്തുന്നു. തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും തിരുവാതിര, ഡാന്‍സ്, ഓണപ്പാട്ടുകള്‍, കോമഡി, തുടങ്ങിയ വിവിധ കലാപരിപാടികള്‍ക്കിടയില്‍ മാവേലിത്തമ്പുരാന്‍ കടന്നുവന്ന് എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. തുടര്‍ന്ന് ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് അനുമോദനം അര്‍പ്പിച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്. കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണ്.

ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 9-ാം തിയതി കായിക മത്സരങ്ങളും ബാഡ്മിന്റണ്‍ മത്സരവും 10-ാം തിയതി ചീട്ടുകളി മത്സരവും നടത്തുന്നതാണ്. നാട്ടില്‍ അവധിക്കു പോയവര്‍ തിരിച്ചു വരുന്നതോടെ ആഘോഷ പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള പരിശ്രമങ്ങള്‍ നടന്നുവരുന്നതായി സംഘാടകര്‍ അറിയിച്ചു.