ഇന്ധനം നിറയ്ക്കുന്നതിനായി ഇറങ്ങിയ വിമാനം പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. സിംബാബ്‌വേയിലെ ഹരാരെ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആണ് ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയ വിമാനത്തില്‍ പരിശോധന നടത്തിയപ്പോള്‍ മൃതദേഹവും കോടികളുടെ സൗത്ത് ആഫ്രിക്കന്‍ കറന്‍സിയും കണ്ടെടുത്തത്. എയര്‍പോര്‍ട്ടില്‍ ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ നിന്ന് രക്തത്തുള്ളികള്‍ ഇറ്റ് വീഴുന്നത് കണ്ട വിമാനത്താവള ജീവനക്കാര്‍ എയര്‍പോര്‍ട്ട് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‍ നടത്തിയ പരിശോധനയിലാണ് ഈ കാഴ്ച കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന്‍ വിമാനം ഹരാരെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വച്ച് പൈലറ്റിനെ പോലീസിന് കൈമാറി. ജര്‍മ്മനിയില്‍ നിന്നും സൗത്ത് ആഫ്രിക്കയിലേക്ക് പറക്കുകയായിരുന്ന വെസ്റ്റേണ്‍ ഗ്ലോബല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെടുത്തത്. അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയാണ് വെസ്റ്റേണ്‍ ഗ്ലോബല്‍ എയര്‍ലൈന്‍സിന്‍റെ ആസ്ഥാനം. വിമാനത്തിലുണ്ടായിരുന്ന പണം സൗത്ത് ആഫ്രിക്കന്‍ റിസര്‍വ് ബാങ്കിന്‍റെ ആണ് എന്ന്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മൃതദേഹം കാണപ്പെട്ടതിനെ കുറിച്ച് വിശദീകരണം ഒന്നും ലഭ്യമല്ല.
സിംബാബ്‌വേയിലെ സൗത്ത് ആഫ്രിക്കന്‍ അംബാസിഡര്‍ എയര്‍പോര്‍ട്ടില്‍ എത്തി ഏറെ സമയം ചെലവഴിച്ചുവെങ്കിലും മാധ്യമങ്ങളോട് കാര്യമായ പ്രതികരണം നടത്തിയില്ല. വിമാനത്തില്‍ കണ്ട മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തില്‍ അമേരിക്കക്കാരായ രണ്ടും, പാക്കിസ്ഥാനിയായ ഒന്നും, സൗത്ത് ആഫ്രിക്കനായ ഒന്നും വീതം ജീവനക്കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്.