ഈ വര്‍ഷം അവസാനം ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിന് മുന്നോടിയായി ഒരുപാട് പരമ്പരകള്‍ ഇന്ത്യ കളിക്കുന്നുണ്ട്. ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനെ സജ്ജരാക്കാനാണ് ഇത്തരത്തിലുള്ള പരമ്പരകള്‍ കളിക്കുന്നത്.

എന്നാല്‍ ഇതിനിടെ ഒരുപാട് പണികളും ഇന്ത്യ മേടിക്കുന്നുണ്ട്. നിരന്തരമായ മത്സരങ്ങള്‍ കളിക്കാരെ വലയ്ക്കുന്നുണ്ട്. നിലവില്‍ ഏകദിന, ടി-20 പരമ്പരകള്‍ കളിക്കാന്‍ വെസ്റ്റ് ഇന്‍ഡീസിലാണ് ടീം ഇന്ത്യ. വെള്ളിയാഴ് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്നും ജഡേജ പുറത്തായി എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ടീമിന്റെ പ്രധാന ഘടകമായ ജഡേജ വിന്‍ഡീസ് പര്യടനത്തില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പരിക്ക് കാരണം പരമ്പരയില്‍ നിന്നും തന്നെ പുറത്താകുമോ എന്ന അവസ്ഥയിലാണിപ്പോള്‍.

കാലിനേറ്റ പരിക്കാണ് ജഡേജയെ വലയ്ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം ഏകദിനത്തില്‍ നിന്നും വിട്ട് നിന്നതിന് ശേഷം ട്വന്റി-20യില്‍ തിരിച്ചുവരും. എന്നാല്‍ ജഡേജക്ക് പകരം ടീമില്‍ മറ്റാരെയും എടുക്കേണ്ട അവസ്ഥയല്ല ഇന്ത്യക്ക്. എന്നാല്‍ ധവാന്‍ നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റന്‍ ആരായിരിക്കുമെന്നത് ചോദ്യചിഹ്നമാണ്.

സൂര്യകുമാര്‍ യാദവ്, ഷര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ടീമില്‍ പരിചയ സമ്പത്തുള്ള താരങ്ങള്‍. ഐ.പി.എല്ലില്‍ രാജസ്ഥാനെ നയിച്ച സഞ്ജു സാംസണും ടീമില്‍ അംഗമാണ്. ടീമിനെ നയിച്ച് പരിചയമുള്ള സഞ്ജുവിനെ ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ ആക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല.