ന്യൂസ് ഡെസ്ക്, മലയാളം യുകെ

വളരെ നാൾ മുൻപ് തന്നെ ഭാവിയിൽ ക്യാൻസർ രോഗം വരുമെന്ന് തിരിച്ചറിയാനുള്ള സാധ്യത തെളിഞ്ഞു. ലളിതമായ ഒരു രക്ത പരിശോധനയിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഭാവിയിൽ ഇത് രോഗം കണ്ടെത്താൻ മാത്രമല്ല രോഗത്തെ പൂർണമായും തുടച്ചുനീക്കാനും പ്രയോജന പ്രദമാണെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ക്യാൻസർ റിസർച്ച് യുകെയുടെ ധനസനസഹായത്തോടെ നടത്തിയ പഠനമാണ് നിർണ്ണായകമായ നേട്ടത്തിന് കാരണമായത്. വളരെ മുൻപ് തന്നെ ക്യാൻസർ വരാനുള്ള സാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന രക്തത്തിലെ പ്രോട്ടീനുകളെ പഠനത്തിൽ കണ്ടെത്തി. രോഗം വരാൻ സാധ്യതയുള്ളവരിൽ 7 വർഷം മുൻപു വരെ ഇത്തരം പ്രോട്ടീനുകളെ കണ്ടെത്താനാവുമെന്നാണ് ഗവേഷണ ഫലം പറയുന്നത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ 19 വ്യത്യസ്‌ത തരം കാൻസറുമായി ബന്ധപ്പെട്ട 618 പ്രോട്ടീനുകളെ ആണ് തിരിച്ചറിഞ്ഞത് . രോഗനിർണയത്തിന് ഏഴുവർഷം മുൻപ് വരെയാണ് ഇവരിൽനിന്ന് രക്തം ശേഖരിച്ചത്. ക്യാൻസറിന്റെ ആദ്യഘട്ടത്തിൽ തന്നെ രക്തത്തിൽ ഇത്തരം പ്രോട്ടീനുകളുടെ സാന്നിധ്യം ഉണ്ടാകുമെന്ന് കണ്ടെത്തിയത് രോഗനിർണയത്തിനും ചികിത്സയ്ക്കും വളരെ നിർണായകമാകുമെന്നാണ് വൈദ്യശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്.


പഠനത്തിന്റെ തുടക്കത്തിൽ 44,000 – ലധികം ബ്രിട്ടീഷുകാരിൽ നിന്ന് എടുത്ത രക്തസാമ്പിളുകളാണ് ശാസ്ത്രജ്ഞർ വിശകലനം ചെയ്തത്. ഇതിൽ 4900 ലധികം ആളുകൾക്ക് പിന്നീട് അർബുദം കണ്ടെത്തി. ക്യാൻസർ വന്നവരും അല്ലാത്തവരുമായ ആളുകളുടെ പ്രോട്ടീനുകളെ സംഘം താരതമ്യം ചെയ്തു. രോഗം വന്നവരിലും അല്ലാത്തവരിലുമായി കണ്ടെത്തിയ പ്രോട്ടീനുകളെ വിശകലനം ചെയ്ത് 7 വർഷം മുൻപു വരെ രോഗം നിർണ്ണയിക്കുന്നതിനുള്ള നിർണ്ണായകമായുള്ള കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ക്യാൻസർ രോഗികളിലുള്ള പ്രോട്ടീനുകൾ പരിശോധിക്കാനും നിർദ്ദിഷ്ട അർബുദങ്ങൾ വരുന്നതിൽ ഏതൊക്കെ പ്രോട്ടീനുകൾക്ക് പങ്കുണ്ട് എന്ന് മനസിലാക്കാനുള്ള സാങ്കേതികവിദ്യ ഇപ്പോൾ നമുക്കുണ്ട് എന്ന് പഠനത്തിന് നേതൃത്വം നൽകിയ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ റൂത്ത് ട്രാവിസ് പറഞ്ഞു.