ലണ്ടന്‍: പക്ഷാഘാതമുണ്ടാകാനുള്ള കാരണം തലച്ചോറിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് തടസമുണ്ടാകുന്നതാണ്. ഇത് തടയുന്നതിനായി രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ നല്‍കുകയാണ് ചെയ്തു വരുന്നത്. എന്നാല്‍ ഈ മരുന്നുകള്‍ പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്ക്കുകയല്ല, പകരം വര്‍ദ്ധിപ്പിക്കുകയാണെന്ന് പുതിയ പഠനം പറയുന്നു. 65 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ ഇത്തരം മരുന്നുകള്‍ ഹൃദയസ്പന്ദനത്തില്‍ വ്യതിയാനമുണ്ടാക്കുന്നതായും വൃക്കരോഗങ്ങള്‍ ഉണ്ടാക്കുന്നതായും പഠനം പറയുന്നു. ആന്റികൊയാഗുലന്റുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ മരുന്നുകള്‍ സൂക്ഷിച്ച് വേണം നിര്‍ദേശിക്കാനെന്ന് ഗവേഷകര്‍ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. കൂടുതല്‍ പഠനങ്ങള്‍ ഈ മേഖലയില്‍ ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഒന്നിലേറെ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ പലവിധത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നതിന്റെ പ്രശ്‌നങ്ങളേക്കുറിച്ചും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പോളിഫാര്‍മസി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. പ്രായമേറിയവരില്‍ പലരും ഇത്തരത്തില്‍ മരുന്നുകള്‍ കഴിക്കുന്നവരായിരിക്കും. വൃക്കരോഗവും ഏട്രിയല്‍ ഫൈബ്രില്ലേഷന്‍ എന്ന ഹൃദയസ്പന്ദനത്തിന്റെ താളം തെറ്റുന്ന അസുഖവുമുള്ള 7000 പേരിലാണ് പഠനം നടത്തിയത്. ഏട്രിയല്‍ ഫൈബ്രിലേഷന്‍ 55 വയസിനു മുകളില്‍ പ്രായമുള്ള 33.5 ദശലക്ഷം പേര്‍ക്ക് ആഗോള തലത്തില്‍ കാണപ്പെടുന്നുണ്ട്. എന്‍എച്ച്എസ് ബജറ്റിന്റെ ഒരു ശതമാനം ഈ അസുഖത്തിനായാണ് ചെലവാകുന്നതെന്നും നിരീക്ഷിക്കപ്പെടുന്നു.

ആന്റികൊയാഗുലന്റുകള്‍ നിര്‍ദേശിക്കപ്പെട്ട ഏകദേശം അഞ്ചുലക്ഷത്തോളം ആളുകള്‍ക്ക് യുകെയില്‍ ഈ രണ്ട് രോഗങ്ങളും ബാധിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. പഠനത്തില്‍ പങ്കെടുത്തവരില്‍ പകുതിയാളുകള്‍ ഈ മരുന്നുകള്‍ കഴിക്കുന്നവരായിരുന്നു. 506 ദിവസം നീണ്ട നിരീക്ഷണത്തിനൊടുവില്‍ നടത്തിയ പരിശോധനയില്‍ ആന്റികൊയാഗുലന്റുകള്‍ കഴിച്ചവര്‍ത്ത് അല്ലാത്തവരേക്കാള്‍ 2.6 മടങ്ങ് പക്ഷാഘാത സാധ്യതയുണ്ടെന്ന് വ്യക്തമായി. ഹെമറേജ് ഉണ്ടാകാന്‍ 2.4 മടങ്ങ് അധിക സാധ്യതയും നിരീക്ഷിക്കപ്പെട്ടു.