ലോകത്തെ നടക്കുന്ന ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഇര കേരളത്തിലും. തിരുവനന്തപുരത്ത് ആത്മഹത്യചെയ്ത പതിനാറുകാരനെ മരണത്തിലേക്ക് തള്ളിവിട്ടത് ബ്ലൂ വെയ്ല്‍ ഗെയിം ആണെന്ന് അമ്മ വെളിപ്പെടുത്തി. ജൂലൈ ഇരുപത്താറിനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനോജ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഒന്‍പതുമാസം മുന്‍പ് മനോജ് ബ്ലൂ വെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മനോജിന്റെ ജീവിതംതന്നെ ബ്ലൂ വെയ്ല്‍ ടാസ്‌കുകളോട് സാമ്യമുള്ള രീതിയിലായെന്നും മാതാപിതാക്കള്‍ പറഞ്ഞു. ആത്മഹത്യയ്ക്കുമുന്‍പ് ഫോണില്‍ നിന്ന് ഗെയിം പൂര്‍ണമായി ഡിലീറ്റ് ചെയ്തിരുന്നു. ഫോണ്‍ ഇപ്പോള്‍ പൊലീസിന്റെ പക്കലാണ്. സൈബര്‍ പൊലീസ് ഇത് പരിശോധിക്കുകയാണ്.

ഒന്‍പത് മാസങ്ങള്‍ക്കു മുമ്പ് മനോജ് ബ്ലൂവെയില്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിരുന്നതായി അമ്മ അനു പറയുന്നു. ഇക്കാര്യം മനോജ് തന്നോട് പറഞ്ഞിരുന്നുവെന്നും അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും അനു പറഞ്ഞു. ഒന്‍പത് മാസത്തിനിടയില്‍ മനോജിന്റ ചെയ്തികളെല്ലാം ബ്ലൂവെയില്‍ ടാസ്‌കുകള്‍ക്ക് സമാനമായിരുന്നുവെന്നുവെന്നും അവര്‍ പറഞ്ഞു.

ഒറ്റയ്ക്ക് എവിടെയും പോകാതിരുന്ന മകന്‍ കടല്‍ കാണാന്‍ പോയി. കയ്യില്‍ കോമ്പസ് കൊണ്ട് അക്ഷരങ്ങള്‍ കോറി. നീന്തല്‍പോലും അറിയാത്തവന്‍ പുഴയില്‍ ചാടിയെന്നും രാത്രി സമയത്ത് സെമിത്തേരിയില്‍ ഒറ്റയ്ക്ക് പോയിരിക്കുന്നത് പതിവായിരുന്നുവെന്നും അനു പറഞ്ഞു.

എന്താണ് ബ്ലൂവെയില്‍ ഗെയിം, ഇങ്ങനെ കൊലയാളി ആകും ?

ഒരു ഇന്റര്‍നെറ്റ് ഗെയിമാണ് ബ്ലൂ വെയില്‍ ചാലഞ്ച്. 2013ല്‍ റഷ്യയിലാണ് ഈ ഗെയിമിന് തുടക്കം കുറിച്ചത്. മനഃശാസ്ത്ര പഠനത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഇരുപത്തിരണ്ടുകാരനാണ് ഈ ഗെയിമിന്റെ സൃഷ്ടാവ്. ഈ കളി വളരെ വേഗം മറ്റ് രാജ്യങ്ങളിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. ഗെയിം എന്നാണു പേരെങ്കിലും ഇതൊരു ആപ്പോ, ഗെയിമോ വൈറസോ അല്ലെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ പ്ലേ സ്റ്റോറിലോ മറ്റ് ആപ് സ്റ്റോറുകളിലോ ഇത് കിട്ടില്ല. ഇന്റര്‍നെറ്റിലും ഏതെങ്കിലും വെബ് അഡ്രസ് ടൈപ് ചെയ്ത് കണ്ടെത്താനാകില്ല. സമൂഹമാധ്യങ്ങളിലൂടെയാണ് കുട്ടികള്‍ ഇതില്‍ അകപ്പെട്ടു പോകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഈ ഗെയിമില്‍ 50 ദിവസങ്ങള്‍ കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട 50 ഘട്ടങ്ങളാണുള്ളത്. ആദ്യ ദിവസങ്ങളില്‍ അതിരാവിലെ 4.30 ന് എഴുന്നേല്‍ക്കാനും പിന്നീട് പ്രേത സിനിമകള്‍ കാണാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് പാരപ്പറ്റിലൂടെ നടക്കുക തുടങ്ങിയ ബുദ്ധിമുട്ടേറിയ പ്രവര്‍ത്തികള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഓരോ ഘട്ടത്തിലും ചെയ്യുന്നതിനെപ്പറ്റിയുള്ള തെളിവുകളും സമര്‍പ്പിക്കണം. കയ്യിലും രഹസ്യ ഭാഗങ്ങളിലും മുറുവേല്‍പ്പിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം. എങ്കില്‍ മാത്രമേ അടുത്ത സ്റ്റേജിലേക്ക് പ്രവേശനം ലഭിക്കൂ. ചാറ്റിനിടെ സീക്രട്ട് മിഷന്‍, സീക്രട്ട് ചാറ്റിങ് തുടങ്ങിയ ടാസ്‌കുകളുമുണ്ട്. തങ്ങളുടെ ഇരകളെ മരണത്തിലേക്കു നയിക്കുന്നത് ഈ രഹസ്യ കൂടിക്കാഴ്ചകളിലാണ്.

കൗമാര ജീവിതത്തെ ഏറെ പ്രതിസന്ധിയിലാക്കുന്നതാണ് ബ്ലൂ വെയില്‍ ഗെയിം. ഒരിക്കല്‍ അകപ്പെട്ടു കഴിഞ്ഞാല്‍ പെട്ടതുതന്നെ. തിരിച്ചുവരാന്‍ ശ്രമിച്ചാല്‍ ഭീഷണിയാകും ഫലം. ഓരോ ടാസ്‌കുകള്‍ക്കൊപ്പവും ഇരകളില്‍ നിന്നും സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കും. ഇതുപയോഗിച്ചുള്ള ബ്ലാക് മെയ്ലിംഗ് കുട്ടികളെ മാനസികമായി തളര്‍ത്തുന്നു. ഇതെല്ലാം രക്ഷിതാക്കളറിയുമെന്ന ഭീതിയാണ് ഗെയിം തുടരുന്നതും അവര്‍ ആത്മഹത്യാ വെല്ലുവിളി ഏറ്റെടുക്കുന്നതും.