അതൊരു ചതിയായിരുന്നു, അന്ന് കൊച്ചുകുഞ്ഞിനെ പോലെ അദ്ദേഹം എന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു; മറഡോണയുമായി ബന്ധപ്പെട്ട് ലോകം അറിയാത്ത രഹസ്യം തുറന്ന് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

അതൊരു ചതിയായിരുന്നു, അന്ന് കൊച്ചുകുഞ്ഞിനെ പോലെ അദ്ദേഹം എന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു; മറഡോണയുമായി ബന്ധപ്പെട്ട് ലോകം അറിയാത്ത രഹസ്യം തുറന്ന് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
November 26 11:06 2020 Print This Article

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ ഫുട്‌ബോള്‍ പ്രേമികളുടെ നെഞ്ച് തകര്‍ന്നിരിക്കുകയാണ് . ബോബി ചെമ്മണ്ണൂര്‍ എന്ന വ്യവസായിയാണ് മലയാളികള്‍ എന്നും നെഞ്ചേറ്റിയ ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണയെ കേരള മണ്ണിലേക്കെത്തിച്ചത്.

മറഡോണയുടെ വലിയ ആരാധകനായ ബോബി ചെമ്മണ്ണൂര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അതീവ ദുഃഖിതനാണ്. 10 വര്‍ഷത്തിലേറെയായുള്ള സൗഹൃദമാണ് മറഡോണയുമായുള്ളത്. മറഡോണയുമായുള്ള നല്ല കുറേ നിമിഷങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ബോബി ചെമ്മണ്ണൂര്‍. ലോകത്ത് നുണ പറയാന്‍ അറിയാത്ത ഒരു മനുഷ്യനെ തനിക്കറിയാവുന്നത് മറഡോണയാണെന്ന് ബോബി ചെമ്മണ്ണൂര്‍ ഓര്‍ക്കുന്നു.

‘പണ്ടുമുതല്‍ക്കേ മറഡോണയുടെ ഒരു ആരാധകനായിരുന്നു ഞാന്‍. മറഡോണ കേരളത്തില്‍ വന്നതിന് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി മാറി. ഞാന്‍ അദ്ദേഹത്തെ കേരളത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ ഒരു ദിവസത്തോളം ഒപ്പമുണ്ടായിരുന്നു.

അന്ന് എനിക്ക് മനസിലായ ഒരു കാര്യമുണ്ട്. ലോകത്തില്‍ നുണ പറയാത്ത ഒരാളുണ്ടെങ്കില്‍ എനിക്കറിയാവുന്നത് മറഡോണയാണ്. സത്യസന്ധനാണ്. പെട്ടെന്ന് ദേഷ്യപ്പെടും. എന്നാല്‍ കുറച്ച് കഴിഞ്ഞ് വന്ന് കെട്ടിപ്പിടിക്കും. കുട്ടികളുടെ സ്വഭാവമാണ്. ഞാന്‍ എപ്പോഴും ഉപയോഗിക്കുന്ന ‘ഗുഡ് ലക്ക്’ എന്ന അടയാളം മറഡോണ പഠിപ്പിച്ചതാണ്. അതിനൊപ്പം ‘ഫ്രം മൈ ഹാര്‍ട്ട്’ എന്ന് ഞാന്‍ കൂട്ടിചേര്‍ത്തു.’- ബോബി പറയുന്നു.

കേരളത്തിലെത്തിയ മറഡോണ മലയാളികളുടെ സ്‌നേഹവും ആതിഥേയത്വവുമെല്ലാം ആവോളം ആസ്വദിച്ചിരുന്നു. അസുഖമെല്ലാം ഭേദമായി കേരളത്തിലേക്ക് വീണ്ടും വരണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് ഡീഗോ മറ്റൊരു ലോകത്തേക്ക് മടങ്ങിയത്.

ഫുട്ബാള്‍ ലോകത്ത് മറഡോണയെ പോലെ മറ്റൊരാള്‍ ഇല്ല. അദ്ദേഹത്തിന്റെ കളിമിടുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അഞ്ചോ ആറോ എതിര്‍കളിക്കാര്‍ മുമ്പിലുണ്ടായാല്‍ പോലും പന്തുമായി കുതിച്ച് അദ്ദേഹം ഗോളിലെത്തും. അസാമാന്യ വേഗതയും ശൈലിയുമാണ് മറഡോണയുടേത്. അദ്ദേഹത്തെ പോലെ മറ്റൊരാളില്ല എന്ന് ബോബി പറയുന്നു.

അദ്ദേഹത്തെ കുറിച്ച് ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവം എനിക്കുണ്ട്. ഒരു ദിവസം ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ മറഡോണ ഒരു കൊച്ചുകുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു. 1994ലെ ലോകകപ്പില്‍ അദ്ദേഹത്തിന് കളിക്കാന്‍ കഴിയാതെ പോയതിനെ കുറിച്ചും ഫുട്ബാള്‍ ലോകത്തെ ലോബികളെ കുറിച്ചുമായിരുന്നു പറഞ്ഞത്.

‘ബോബീ, അതൊരു ചതിയായിരുന്നു. കാല്‍നഖത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഞാന്‍ അന്ന് ചികിത്സ തേടിയിരുന്നു. എനിക്ക് അന്ന് മരുന്ന് തന്നയാള്‍ അതിനൊപ്പം നിരോധിച്ച മരുന്ന് കൂടി കലര്‍ത്തിയാണ് നല്‍കിയത്. ഞാന്‍ നിഷ്‌കളങ്കനാണ്’ എന്ന് പറഞ്ഞ് കരഞ്ഞു.

അദ്ദേഹത്തിന് അതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല. മരുന്ന് നല്‍കിയ ആളുടെ പേര് പറഞ്ഞുവെങ്കിലും വിവാദം വേണ്ടെന്ന് കരുതി ഞാന്‍ അത് വെളിപ്പെടുത്തുന്നില്ല. അത് ഫുട്ബാള്‍ ലോബിയുടെ ചതിയായിരുന്നു. അന്ന് അദ്ദേഹം കൊച്ചുകുഞ്ഞിനെ പോലെ എന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പരിഭാഷകന്‍ പോലും അന്ന് കരഞ്ഞു. ലോകം ഈ രഹസ്യം അറിയില്ലെന്നും ബോബ് കൂട്ടിച്ചേര്‍ത്തു

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles