ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് വെയിൽസിലെ ഇൻഡസ്ട്രി എസ്റ്റേറ്റിൽ നടന്ന സ്ഫോടനത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി . റോണ്ട സൈനോൺ ടാഫിലെ ട്രെഫോറസ്റ്റ് ഇൻഡസ്ട്രി എസ്റ്റേറ്റിൽ ബുധനാഴ്ച വൈകുന്നേരമാണ് തീപിടുത്തമുണ്ടായത്. സ്ഫോടനത്തെയും തീപിടുത്തത്തെയും തുടർന്ന് സൗത്ത് വെയിൽസ് പോലീസ് അതീവ ജാഗ്രത നിർദേശം നൽകിയിരുന്നു. മൃതദേഹത്തിന്റെ ഔദ്യോഗിക തിരിച്ചറിയൽ ഇതുവരെ പൂർത്തിയായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.


വലിയ പുകപടലങ്ങളും തീജ്വാലയും കത്തി നശിച്ച ഒരു കെട്ടിടത്തിന്റെ ചിത്രങ്ങളും സംഭവത്തെക്കുറിച്ച് പുറത്തുവരുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇൻഡസ്ട്രി എസ്റ്റേറ്റ് ചുറ്റുമുള്ള റോഡുകൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആവശ്യമുള്ളവർ മാത്രമേ എ ആന്റ് ഇ യുടെ സേവനം പ്രയോജനപ്പെടുത്താവുള്ളൂ എന്ന മുന്നറിയിപ്പ് പൊതുജനങ്ങൾക്ക് നൽകിയിരുന്നു . ഒട്ടേറെ ഫയർ എൻജിനുകളുടെ കഠിന പരിശ്രമത്തെ തുടർന്നാണ് തീ നിയന്ത്രണ വിധേയമായത്.

തീ ഇപ്പോൾ നിയന്ത്രണ വിധേയമായതിനാൽ സ്ഫോടനത്തിനും തുടർന്നുള്ള തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്ത് വെയിൽസ് പോലീസിലെ ഡിറ്റക്ടീവ് സൂപ്രണ്ട് റിച്ചാർഡ് ജോൺസ് പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ വരെ റോഡുകൾ അടച്ചിരുന്നു. പുക കാരണം എല്ലാ വാതിലുകളും ജനലുകളും അടച്ചിടാൻ സമീപപ്രദേശങ്ങളിലെ താമസക്കാർക്ക് നിർദ്ദേശങ്ങളും നൽകിയിരുന്നു.