ന്യൂസ് ഡെസ്ക്, മലയാളം യുകെ
എഡിൻബറോയിൽ കാണാതായ യുകെ മലയാളിയുടെ മൃതദേഹം കണ്ടെത്തി. രണ്ടാഴ്ച മുൻപാണ് സാന്ദ്രയെ കാണാതായതായി സോഷ്യൽ മീഡിയയിലും മറ്റും വഴി വാർത്ത വന്നത്. സാന്ദ്ര താമസിച്ചിരുന്ന എഡിൻബറോയ്ക്ക് അടുത്തുള്ള ഗ്രാമമായ ന്യൂ ബ്രിഡ്ജിൽ നിന്നാണ് ശരീരം കണ്ടെത്തിയത്. ന്യൂ ബ്രിഡ്ജിന് സമീപമുള്ള നദിയുടെ കൈവഴിയിൽ നിന്നാണ് ശരീരം കണ്ടെത്തിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
മരണത്തെ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്ന് സ്കോട്ടിഷ് പോലീസ് അറിയിച്ചു. സാന്ദ്രയെ കാണാതായതിന് പിന്നാലെ അവസാനമായി കണ്ട സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട ശേഷവും അന്വേഷണത്തിന് അനുകൂലമായ രീതിയിൽ സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിലും മറ്റും സാന്ദ്രയെ പലയിടങ്ങളിലായി കണ്ടതായി ആളുകൾ പോലീസിനെ അറിയിച്ചെങ്കിലും അവ സ്ഥിരീകരിക്കാൻ പോലീസിന് സാധിച്ചിരുന്നില്ല.
വീട്ടിൽ നിന്ന് കാണാതായതിന് പിന്നാലെ സാന്ദ്ര മൊബൈൽഫോൺ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തെ കാര്യമായി ബാധിച്ചിരുന്നു. പോലീസ് പുറത്തുവിട്ടിരുന്ന സിസിടിവി ദൃശ്യങ്ങളിൽ സാന്ദ്ര മുഖത്ത് മാസ്ക് ധരിച്ചിരുന്നു. ഇതിനാൽ സാന്ദ്രയെ തിരിച്ചറിയാനുള്ള സാധ്യത കുറവാണെന്ന് സോഷ്യൽ മീഡിയ ചൂണ്ടി കാട്ടിയിരുന്നു.
എഡിൻ ബറോയിലെ സൗത്ത് ഗൈഡ് ഭാഗത്ത് നിന്നും ഡിസംബർ ആറിനാണ് സാന്ദ്രയെ കാണാതായത്. ഇതിന് പിന്നാലെ മൂന്നാഴ്ചയോളം നടത്തിയ തിരച്ചിലിൻെറ ഒടുവിലാണ് സാന്ദ്രയുടെ മൃതശരീരം പോലീസിന് കണ്ടെത്താനായത്. ഹെരിയോട്ട് – വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായിരുന്നു സാന്ദ്ര. കേരളത്തിൽ പെരുമ്പാവൂർ സ്വദേശിനിയാണ്.
Leave a Reply