ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: സഫോക്കിൽ കാണാതായ മൂന്നുവയസ്സുകാരൻ നോഹ വുഡ്സിനായി നടത്തിയ തിരച്ചിലിനിടെ സമീപത്തെ കുളത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ബ്രാന്തത്തിലെ കളിസ്ഥലത്ത് ബന്ധുവിൽനിന്ന് വേർപെട്ടതിനെ തുടർന്നാണ് നോഹയെ കാണാതായത്. നോഹയുടെ മൃതദേഹമാണെന്ന് ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും കുടുംബത്തെ വിവരം അറിയിച്ചതായി സഫോക്ക് പൊലീസ് അറിയിച്ചു. മരണം ദുരൂഹമാണെങ്കിലും സംശയാസ്പദമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

നോഹ സംസാരശേഷിയില്ലാത്ത കുട്ടിയായിരുന്നു. ഭാഗികമായി കേൾവിക്കുറവും ഉണ്ടായിരുന്നു. കുട്ടിയെ കണ്ടെത്താൻ പൊലീസ്, ഹെലികോപ്റ്റർ, മുങ്ങൽ വിദഗ്ധർ എന്നിവർക്കൊപ്പം 1,300-ലേറെ നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. ബർമിങ്ഹാം, ഹാംപ്‌ഷയർ എന്നിവിടങ്ങളിൽനിന്നുപോലും ആളുകൾ സഹായിക്കാനെത്തി. ബ്രാന്തം ലെഷർ സെന്ററും വില്ലേജ് ഹാളും കേന്ദ്രീകരിച്ചായിരുന്നു സന്നദ്ധ പ്രവർത്തകരുടെ തിരച്ചിൽ. നോഹ പ്രതികരിക്കില്ലെന്നതിനാൽ വിളിച്ചുപറഞ്ഞ് തിരയരുതെന്നും അധികൃതർ നിർദേശിച്ചിരുന്നു.

കളിസ്ഥലത്തിന് ഏകദേശം 320 മീറ്റർ അകലെയുള്ള ഡികോയ് പോണ്ടിലാണ് മെട്രോപൊളിറ്റൻ പൊലീസ് സംഘത്തിലെ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തിയത്. കിഴക്കൻ ബെർഗോൾട്ടിലേക്കും മാനിങ്‌ട്രീയിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. നോഹയെ കാണാതായതറിഞ്ഞ് വലിയ ജനപിന്തുണയാണ് ലഭിച്ചതെന്ന് സഫോക്ക് പൊലീസ് സൂപ്രണ്ട് ടോം പിയേഴ്‌സ് പറഞ്ഞു. ഈ സമയത്ത് കുടുംബത്തിന് ആവശ്യമായ സ്വകാര്യത നൽകണമെന്ന് അഭ്യർഥിച്ച പൊലീസ്, കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.











Leave a Reply