ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഉക്രൈൻ യുദ്ധത്തിൽ ഒരു ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടതായും മറ്റൊരാളെ കാണാതായതായും ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഉക്രൈൻ സേനയോടൊപ്പം പോരാടിയ സ്ക്കോട്ട് സിബ്ലി എന്നയാളാണ് മരണപ്പെട്ടത് എന്നാണ് ഉക്രൈനിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. യുദ്ധത്തിൽ മരണപ്പെട്ട ആദ്യ ബ്രിട്ടീഷ് പൗരനാണ് സിബ്ലിയെന്നും, ഉക്രൈനിന്റെ ഏറ്റവുമടുത്ത സുഹൃത്താണ് ഇദ്ദേഹമെന്നുമാണ് ഉക്രൈൻ അധികൃതർ വിശദീകരിച്ചത്. എന്നാൽ ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് ഇരുവരുടെയും വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇരു കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നാണ് വിദേശകാര്യവകുപ്പിന്റെ വക്താക്കളിൽ ഒരാൾ വ്യക്തമാക്കിയത്. എന്നാൽ സിബ്ലിയുടെ മരണം സംബന്ധിച്ചും കാണാതായ ആളുടെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ചും ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. എന്നാൽ ഉക്രൈൻ സേനയോടൊപ്പം പോരാടിയിരുന്ന രണ്ട് സന്നദ്ധരായ ബ്രിട്ടീഷ് പൗരന്മാരാണ് ഇവരെന്നാണ് നയതന്ത്ര വിവരങ്ങൾ വ്യക്തമാക്കുന്നത്.

സിബ്ലിയുടെ മരണത്തിൽ സോഷ്യൽമീഡിയകളിൽ എല്ലാം തന്നെ ആദരാഞ്ജലികളും മറ്റും നിരവധിപ്പേർ അറിയിക്കുന്നുണ്ട്. ബ്രിട്ടീഷ് സേനയിലെ മുൻ അംഗമായിരുന്നു സിബ്ലി എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. പോളണ്ട് അതിർത്തിയിൽ മാർച്ച് മാസത്തിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ യുകെ സ്പെഷ്യൽ ഫോഴ്സിലെ മൂന്നുപേർ കൊല്ലപ്പെട്ടതായി വാർത്ത ഉണ്ടായിരുന്നുവെങ്കിലും ഇത് ഒരിക്കലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുദ്ധം ആരംഭിച്ച ഫെബ്രുവരിയിൽ തന്നെ ബ്രിട്ടീഷ് പൗരൻമാരോട് ഉക്രൈൻ വിടാൻ ബ്രിട്ടൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിരവധി ആളുകൾ തങ്ങൾക്ക് ഉക്രൈനിൽ പോയി യുദ്ധത്തിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന ആഗ്രഹവുമായി മുന്നോട്ടുവന്നിരുന്നു. നിലവിൽ ഏകദേശ കണക്കുകൾ പ്രകാരം ഇരുപതിനായിരത്തോളം ആളുകൾ മറ്റു രാജ്യങ്ങളിൽ നിന്ന് വന്ന് ഉക്രൈൻ സേനയോടൊപ്പം പോരാടുന്നുണ്ട് എന്നാണ് ഉക്രൈൻ വ്യക്തമാക്കിയിരിക്കുന്നത്.